thudi
പ​ത്ത​നം​തി​ട്ട​ ​കാ​തോ​ലി​ക്കേ​റ്റ് ​കോ​ളേ​ജി​ൽ​ ​ആ​രം​ഭി​ച്ച​ ​ദേ​ശ​ത്തു​ടി​ ​സാ​ഹി​ത്യോ​ത്സ​വം​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​കോ​ന്നി​യൂ​ർ​ ​ബാ​ല​ച​ന്ദ്ര​ൻ​ ,​ ​ക​വി​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​പ്ര​ദീ​പ് ​പ​ന​ങ്ങാ​ട്,​ ​ഡോ.​ ​ഫി​ലി​പ്പോ​സ് ​ഉ​മ്മ​ൻ,​ ​പ്രൊ​ഫ.​ ​ടി.​കെ.​ജി​ ​നാ​യ​ർ,​ ​ഡോ.​ ​പ​ഴ​കു​ളം​ ​സു​ഭാ​ഷ്,​ ​പ്രൊ​ഫ.​ ​മാ​ലൂ​ർ​ ​മു​ര​ളീ​ധ​ര​ൻ,​ ​സു​ഖ​ദ​ ​നെ​ല്ലി​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

പത്തനംതിട്ട: മലയാളം മോശമെന്ന ചിന്ത അപകടകരമാണെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദേശത്തുടി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം പഠിച്ചയാൾക്ക് ലോക ഭാഷകൾ അന്യമല്ല. മലയാളം മോശപ്പെട്ട ഭാഷയല്ല. ഇന്ത്യയിൽ നല്ല സാഹിത്യ കൃതികളുണ്ടാകുന്നത് ബംഗാളി ഭാഷയിലാണെന്ന് നാം വിശ്വസിക്കുന്നുണ്ട്. ബംഗാളിനപ്പുറം ഒന്നുമില്ലെന്ന് മലയാളികൾ വിശ്വസിച്ചു.

ബംഗാളി സാഹിത്യം ആധുനിക മലയാള സാഹിത്യത്തിന്റെ അയലത്തുപോലുമില്ല. മലയാളം ലോകത്തെ ചെറിയ ഭാഷയാണെന്ന ചിന്ത വേണ്ട. ആഗാേളതലത്തിൽ പ്രാധാന്യമുള്ള കൃതികൾ മലയാളത്തിലാണ് ഉണ്ടായിട്ടുള്ളത്. മലയാളിക്ക് അപകർഷതാബോധം പാടില്ല.

നാടോടികലകളുടെ സ്വാധീനം മലയാളിക്കുപോലും അറിയില്ല. ഗ്രീക്ക് കലകൾക്ക് മുൻപുതന്നെ കൂടിയാട്ടം രൂപപ്പെട്ടിരുന്നു. വലിയ സംസ്കാരത്തിന്റെ ഉടമകളാണ് മലയാളികൾ. പഴമയുടെ അടിസ്ഥാനത്തിൽ പുതിയ കാര്യങ്ങൾ കെട്ടിപ്പടുക്കണം. അതിനുള്ള പ്രവർത്തനങ്ങളാണ് ദേശത്തുടി നടത്തുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഡിജിറ്റൽ ടെക്നോളജി വ്യാപകമായതോടെ ഒന്നും വായിക്കേണ്ട ആവശ്യമില്ലെന്ന ചിന്താധാരകളുണ്ട്. ഒരു ബട്ടണിൽ അമർത്തിയാൽ വിവരങ്ങളെല്ലാം കിട്ടുന്ന ഇന്റർനെറ്റ് വായന എഡിറ്റിംഗ് ഇല്ലാത്തതാണ്. എഡിറ്റ് ചെയ്യപ്പെടാത കിട്ടുന്ന ഇത്തരം വിജ്ഞാനം അന്തിമമെന്ന് കരുതരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക പ്രഥമ ദേശത്തുടി പുരസ്കാരം സെബാസ്റ്റ്യന് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. സ്മാരക പ്രഭാഷണം പ്രദീപ് പനങ്ങാട് നിർവഹിച്ചു. കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ പ്രൊഫ. ടി.കെ.ജി നായർ, ഡോ.പഴകുളം സുഭാഷ്, പ്രൊഫ. മാലൂർ മുരളീധരൻ, സുഖദ നെല്ലിക്കൽ, ഡോ.എം.എസ്.പോൾ, വിനോദ് ഇളകൊള്ളൂർ എന്നിവർ സംസാരിച്ചു.

സാംസ്കാരിക സെമിനാർ പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള ഉദ്ഘാടനം ചെയ്തു.

എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. പ്രസ് ക്ളബ് പ്രസിഡന്റ് ബോബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കവിയരങ്ങ് കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കണിമോൾ അദ്ധ്യക്ഷയായി. ഇന്ന് വനിതാ സെമിനാർ, കഥാസെമിനാർ, നാടക സെമിനാർ എന്നിവ നടക്കും.