പത്തനംതിട്ട : സീതത്തോട് സർവീസ് സഹകരണ ബാങ്കിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ സഹകരണ നിയമപ്രകാരം സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് സി.കെ.പുരുഷോത്തമൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ടു നഷ്ടമായ തുക ഭരണസമിതി അംഗങ്ങളിൽ നിന്ന് സഹകരണ നിയമം 68 പ്രകാരം ഈടാക്കാൻ ഉത്തരവിട്ടതായി സി.കെ. പുരുഷോത്തമനും കിഫ ജില്ലാ ചെയർമാൻ ജോളി കാലായിലും പത്രസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം പ്രാദേശിക നേതാവായിരുന്ന സി.കെ. പുരുഷോത്തമൻ 1997 - 2001 കാലയളവിൽ സീതത്തോട് ബാങ്ക് പ്രസിഡന്റായിരുന്നു. ഇക്കാലയളവിൽ ബാങ്കിനെ മൂന്നാംക്ലാസ് പദവിയിലേക്ക് ഉയർത്തിക്കൊണ്ടിവന്നിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ 2008 എത്തിയപ്പോഴേക്കും ബാങ്കിന്റെ പദവി ആറാം ക്ലാസിലേക്ക് താഴ്ന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അഴിമതിയും കെടുകാര്യസ്ഥതയും വെളിവായത്. ബാങ്കിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർക്ക് 2018 ൽ താൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സി.പി എം തന്നെ പുറത്താക്കിയെന്നും പുരുഷോത്തമൻ പറഞ്ഞു. 824 കോടി രൂപയുടെ നിക്ഷേപവും 50 കോടി രൂപ വായ്പയുമായി മലയോര മേഖലയിൽ കർഷകരുടെ ആശ്രയമായി വളർന്നുവന്ന ബാങ്കാണ് തകർച്ചയുടെ വക്കിലെത്തിയതെന്നും കിഫ ചൂണ്ടിക്കാട്ടി. 2019 ഡിസംബർ 31നു സഹകരണനിയമം 65 പ്രകാരം അന്വേഷണത്തിന് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. 2018ൽ വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അനധികൃത നിയമനവും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽകൂടി ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തെ തുടർന്ന് സെക്രട്ടറി ആയിരുന്ന കെ.യു. ജോസിനെതിരെ നടപടിയുണ്ടായി. ജോസ് സെക്രട്ടറിയായി ചുമതലയേൽക്കുന്നതിനു മുമ്പേ ബാങ്കിൽ ഗുരുതരമായ ക്രമക്കേടുകളും അനധികൃത നിയമനവും നടന്നിരുന്നു. അക്കാലയളവിലെ സെക്രട്ടറിയെ ഒഴിവാക്കുകയും ഭരണസമിതിയെ വെള്ളപൂശുകയും ചെയ്തു കൊണ്ടാണ് ജോയിന്റെ രജിസ്ട്രാർ റിപ്പോർട്ട് നൽകിയത്. നീതിയുക്തമായ അന്വേഷണത്തിലൂടെ തട്ടിപ്പുകൾ പുറത്തുവരുമെന്നും പുരുഷോത്തമനും ജോളി കാലായിലും പറഞ്ഞു.