sn-college
ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ ഗുരുദേവ സാഹിത്യകൃതികളുടെ പ്രദർശനോദ്ഘാടനം ശ്രീനാരായണ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പറും ആർ.ഡി.സി ചെയർമാനുമായ ഡോ. എ. വി . ആനന്ദ് രാജ് നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: ഗുരുദേവ കൃതികളുടെ സാരാംശം സാധാരണ ജനങ്ങളെ സംബന്ധിച്ച് പൂർണതോതിൽ പഠിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണെന്നും വളരെ ദുർഗ്രാഹ്യമായ വേദാന്ത തത്വങ്ങളെ സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റുന്ന തരത്തിൽ ലളിതമായ ഭാഷയിൽ ഗുരു നിരവധിയായ കൃതികളിലൂടെ പകർന്നു നൽകിയിട്ടുണ്ടെന്നും ശ്രീനാരായണ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പറും ആർ.ഡി.സി ചെയർമാനുമായ ഡോ.എ.വി.ആനന്ദ് രാജ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായ വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ ഗുരുദേവ സാഹിത്യകൃതികളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ കൃതികൾ പഠിക്കുവാനും ഉൾക്കൊളളുവാനും തയാറായാൽ സമകാലിക ലോകത്തുണ്ടാകുന്ന എല്ലാ കുഴപ്പങ്ങൾക്കും പരിഹാരവും വ്യക്തികളെ സംബന്ധിച്ച് ജീവിതം ഉദാത്തവുമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ കൃതികളെ അടുത്തറിയുവാനും മനസിലാക്കുവാനും ഇത്തരം പരിപാടികൾ ഉപകരിക്കുമെന്നും എ.വി ആനന്ദരാജ് പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷെറിൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ലൈബ്രേറിയൻ എൻ. രതീശ് കുമാർ, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ.ശ്രീദേവി ഗോപാലകൃഷ്ണൻ, ഓഫീസ് സ്റ്റാഫ് സെക്രട്ടറി എസ്. ബൈജു, മാത്തമാറ്റിക് വിഭാഗം അദ്ധ്യാപകൻ അജയ് എന്നിവർ പ്രസംഗിച്ചു. സമീപപ്രദേശത്തെ സ്‌കൂളുകളില കുട്ടികളും നാട്ടുകാരും പ്രദർശനത്തിൽ പങ്കാളികളായി.