 
ചെങ്ങന്നൂർ: കനാൽ ജലം സമയത്ത് ലഭ്യമാകാത്തതിനാൽ തിരുവൻവണ്ടൂർ പാടശേഖരത്തിലെ നെൽ കർഷകരെ പ്രതിസന്ധിയിലായി. വെളളപ്പോക്കത്തിൽ രണ്ടു തവണ കൃഷി ഉപേക്ഷിച്ച കർഷകർ വീണ്ടും പാടശേഖരങ്ങൾ ഉഴുതുമറിച്ച് കൃഷി ഇറക്കിയപ്പോഴാണ് കനാൽവെളളമെത്താതെ നെൽകൃഷി കരിഞ്ഞുണങ്ങിത്തുടങ്ങിയത്. തിരുവൻവണ്ടൂർ പഞ്ചായത്തിലെ മഴുക്കീർ, കോലിടത്തുശേരി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, ഉമയാറ്റുകര, അട്ടക്കുഴി, പ്രയാർ തുടങ്ങിയ ഏഴ് പാടശേഖരങ്ങളിലെ 500 ഏക്കറിലാണ് കർഷകർ കൃഷി ഇറക്കിയത്. 35 ദിവസം പ്രായമായ നെൽച്ചെടി കനത്ത ചൂടും, കനാൽ ജലം ലഭിക്കാതെയും ഉണങ്ങി കരിഞ്ഞു തുടങ്ങി. ഇതോടെ കൃഷി ഇറക്കിയ 400ല്പരം കർഷകർ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. കഴിഞ്ഞ മാസം 30ന് വെള്ളം ലഭ്യമാക്കുമെന്ന് പി.ഐ.പി.പറഞ്ഞിരുന്നെങ്കിലും ഈ പ്രദേശങ്ങളിൽ ഇതുവരെ വെള്ളം എത്തിയില്ല. പി.ഐ,പി കനാൽ ജലത്തെ മാത്രം ആശ്രയിച്ചാണ് ഈ മേഖലയിൽ കർഷകർ കൃഷി ചെയ്യുന്നത്. ജലം ലഭിക്കാത്തതുമൂലം പാടം വിണ്ടുകീറി. ഞാറ് പറിച്ച് നടനും വളമിടാനും സാധിക്കുന്നില്ല. ഭീഷണിയായി കളകളും വളർന്നതോടെ നെൽച്ചെടിയുടെ വളർച്ചയും മുരടിച്ചു. നിലമൊരുക്കാൻ മാത്രം ഇതു വരെ ഒരേക്കറിന് 20000 രൂപ വരെ ഒരാൾക്ക് ചിലവായിട്ടുണ്ട്. ജ്യോതി, ഉമ എന്നീ നെൽവിത്തിനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. 90ശതമാനം കർഷകരും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. ലോണെടുത്തും കടംവാങ്ങിയും പലിശക്കെടുത്തും സ്വർണംപണയപ്പെടുത്തിയും ഇതിൽ ഭൂരിഭാഗം കർഷകരും കൃഷി ഇറക്കിയത്. കഴിഞ്ഞ ഒക്ടോബർ - നവംബർ മാസങ്ങളിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് കൃഷി ഉപേക്ഷിക്കണ്ടി വന്നവരാണ് കർഷകരിൽ ഏറെയും. ഇനിയും കനാൽ വെള്ളം ലഭിച്ചില്ലെങ്കിൽ ബഥൽ സംവിധാനത്തിന് കഴിയാത്തതിനാൽ ഇത്തവണത്തെ കൃഷിയും ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു.
തൊഴിലാളികൾ പിന്മാറി
കനാൽ ശുചീകരണം നടത്തുന്നത് കർഷകർ
കരാർ തൊഴിലാളികൾ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാത്തതിനെത്തുടർന്നാണ് കനാലിലെ ജലമൊഴുക്ക് തടസപ്പെട്ടതെന്ന് കർഷകർ പറഞ്ഞു.പുല്ലാട് കാഞ്ഞാറ്റും കരയിൽ കനാലിലെ മാലിന്യങ്ങളും കാടുകളും വെട്ടിമാറ്റുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ജോലികൾ മഴുക്കീർ പാടശേഖര സമിതി സെക്രട്ടറി കെ.പി ചന്ദ്രൻ പിള്ളയുടെയും ഉയാറ്റുകര പാടശേഖര സമിതി സെക്രട്ടറി പി.എം വർഗീസിന്റെയും നേതൃത്വത്തിൽ നടന്നുവരികയാണ്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി പുറത്തു നിന്നും ജോലിക്കാരെ ഉപയോഗിച്ച് 35000 രൂപയോളം ചിലവഴിച്ചാണ് ഇവർ കനാൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നത്.
....................
മുൻകാലങ്ങളിൽ കനാൽ വൃത്തിയാക്കിയ ശേഷം ഒരു ട്രയൽ എന്ന പോലെ വെള്ളം തുറന്നു വിടുമായിരുന്നു. ഇപ്പോൾ അത്തരം പ്രവർത്തനങ്ങൾ ഇല്ല. മുൻകൂട്ടി കനാലിലെ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ട വിധം നടത്താത്തതാണ് പ്രധാന പ്രശ്നം. കനാൽ ജലം ഉടൻ ലഭിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുകയേ വഴിയുള്ളു.
വി.പ്രശാന്ത്
(തിരുവൻവണ്ടൂർ -കർഷകൻ)
-പാടശേഖരങ്ങൾ വിണ്ടുകീറി
-500 ഏക്കറിലെ നെൽക്കൃഷി