 
തിരുവല്ല: പൊടിയാടി - തിരുവല്ല റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് ജോലികൾ അവസാന ഘട്ടത്തിലായിട്ടും കുടിവെള്ള പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ ഇനിയും തുടങ്ങിയിട്ടില്ല. ജലവിതരണ പൈപ്പുകൾ മാറ്റിയിടാൻ 2.08 കോടിയാണ് കിഫ്‌ബി ജലവിതരണ വകുപ്പിന് അനുവദിച്ചത്. പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടത്തി കരാർ ചെയ്യാനും ഇതുപ്രകാരം പ്രവർത്തികൾ പൂർത്തിയാക്കാനും ആറുമാസമാണ് ജല അതോറിറ്റിക്ക് വേണ്ടിവരുന്നത്. എന്നാൽ പണം അനുവദിച്ച് ഒന്നര മാസത്തോളം പിന്നിട്ടെങ്കിലും ഇതുവരെയും ടെണ്ടർ ജോലികൾ പോലും പൂർത്തിയായിട്ടില്ല. ഈമാസം 12നാണ് ടെണ്ടറുകൾ ക്ഷണിക്കുന്ന അവസാനതീയതി. 14ന് മാത്രമാണ് ടെണ്ടറുകൾ തുറക്കുക. തിരുവല്ല, നെടുമ്പ്രം സെക്ഷനുകളുടെ പരിധിയിലായി ഇരുവശങ്ങളിലേക്കും 9.6 കിലോമീറ്റർ ദൂരത്തിൽ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനുണ്ട്. തിരുവല്ലയുടെ പരിധിയിൽ 6.4 കീലോമീറ്ററും നെടുമ്പ്രം സെക്ഷന്റെ പരിധിയിൽ 3.2 കിലോമീറ്ററും പൈപ്പുകൾ മാറ്റിയിടണം. കുടിവെള്ള വിതരണത്തയും പൈപ്പുകൾ മാറ്റിയിടൽ ബാധിക്കും. തിരുവല്ലയിൽ നിന്നും കുട്ടനാട്ടിലേക്കുള്ള പ്രധാന പൈപ്പുകൾ മാറ്റുന്നില്ല. ഇതുകാരണം ഭാവിയിലും പൈപ്പുപൊട്ടലുണ്ടായി റോഡ് തകരാനുള്ള സാദ്ധ്യതയുണ്ട്. റോഡിന് മദ്ധ്യത്തിലൂടെ കുറേഭാഗത്ത് മാത്രമാണ് പ്രധാന പൈപ്പ് കടന്നുപോകുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ പ്രധാന പൈപ്പിൽ നിന്നുള്ള ജലവിതരണ കുഴലുകൾ മാത്രമാണ് മാറ്റി സ്ഥാപിക്കുക. 160 എം.എം പി.വി.സി പൈപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ടെണ്ടർ നടപടികൾ വൈകിയാൽ പൈപ്പിടൽ വീണ്ടും നീണ്ടുപോകാൻ സാദ്ധ്യത ഏറെയാണ്.
ഒന്നാംഘട്ട ടാറിംഗ് അന്തിമഘട്ടത്തിൽ
നിലവാരം ഉയർത്തി നിർമ്മിക്കുന്ന പൊടിയാടി - തിരുവല്ല റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് അന്തിമഘട്ടത്തിലായി. ഗതാഗതതടസം ഒഴിവാക്കാനായി രണ്ട് റീച്ചുകളായാണ് ടാറിംഗ് ജോലികൾ പുരോഗമിക്കുന്നത്. പൊടിയാടി മുതൽ കുരിശുകവല വരെയുള്ള ഭാഗങ്ങളിൽ ഇടതുവശത്തെ ടാറിംഗ് ജോലികൾ ഭൂരിഭാഗവും പൂർത്തിയായി. കലുങ്കിന്റെ നിർമ്മാണം പൂർത്തിയാകാത്ത ഭാഗങ്ങളിലും പൈപ്പുപൊട്ടിയ ഭാഗങ്ങളും ഒഴിച്ചിട്ടാണ് ടാറിംഗ് ചെയ്തിട്ടുള്ളത്. പൊടിയാടി മുതൽ കാവുംഭാഗം വരെ ഇരുവശങ്ങളിലും ഒന്നാംഘട്ട ടാറിംഗ് ജോലികൾ പൂർത്തിയാക്കി. റോഡിന് വീതി കൂട്ടിയതോടെ വഴിമുടക്കികളായി നിലനിന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികളും തുടങ്ങി. 166 വൈദ്യുതി തൂണുകളാണ് മാറ്റിയിടാനുള്ളത്. രണ്ടുമാസത്തിനുള്ളിൽ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനായി 57.9 ലക്ഷം രൂപയാണ് കിഫ്‌ബി വൈദ്യുതി ബോർഡിന് അടച്ചിട്ടുള്ളത്. എന്നാൽ കുടിവെള്ള പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ ഇതുവരെയും തുടങ്ങിയിട്ടില്ല. വിതരണ കുഴലുകൾ രണ്ടാംഘട്ട ടാറിംഗിന് മുന്നോടിയായി മാറ്റി സ്ഥാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ടെണ്ടർ നടപടി ഇതുവരെ പൂർത്തിയായില്ല
.പൈപ്പുകൾ മാറ്റിയിടാൻ
2.08 കോടി അനുവദിച്ചു