പന്തളം: കനാൽജലം തുറന്നുവിടാൻ വൈകുന്നത് കാരണം കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതായി പരാതി. കെ.ഐ.പി കനാലിലൂടെയുള്ള വെള്ളം തുറന്നുവിടുന്നതിന് മൂന്നോടിയായുള്ള ശുചിയാക്കൽ ആരംഭിക്കുവാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. മുമ്പ് തൊഴിലുറപ്പുതൊഴിലാളികളായിരുന്നു കനാലുകളുടെ ശുചീകരണം നടത്തിയിരുന്നത്. എന്നാൽ കനാലുകൾ വൃത്തിയാക്കുന്ന ജോലികളിൽ നിന്നും തൊഴിലുറപ്പുതൊഴിലാളികളെ പിൻവലിച്ചതോടെയാണ് ഈ ബുദ്ധിമുട്ട് അനുഭവപ്പെട്ടുന്നത്. ഇന്ന് ഒട്ടുമിക്ക കനാലുകളും കാടുമൂടി ഉപയോഗശൂന്യമായിരിക്കുകയാണ്. സമീപ വാസികളുടെ മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായും കനാലുകൾ മാറി. ഇന്ന് ഇഴ ജന്തുക്കളുടെയും ക്ഷുദ്ര ജീവികളുടെയും ആവാസ കേന്ദ്രമാണ് കനാലുകൾ. മാവര, കുരമ്പാല, പൂഴിക്കാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ വേനൽകാലത്ത് കൃഷിക്ക് പ്രധാനമായും ആശ്രയിക്കുന്നത് കനാൽ ജലത്തെ ആയിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ കനാലുകൾ വൃത്തിയാക്കി എന്ന് വെള്ളം തുറന്നുവിടാൻ കഴിയുമെന്ന കാര്യം അനിശ്ചിതത്വത്തിലുമാണ്.
പൈപ്പുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞു
കനാലുകളിൽ നിന്നും കൃഷി സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞത് കാരണം വെള്ളമെത്തിക്കുവാൻ മറ്റു മാർഗങ്ങൾ തിരയുകയാണ് കർഷകർ. വെള്ളമെത്തിയില്ലെങ്കിൽ കൃഷി ചെയ്തിട്ടും കാര്യമില്ലെന്ന നിലപാടിലാണ് കർഷകർ. കൃഷിക്കായുള്ള, സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കെ.ഐ.പി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കൃഷിക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണിത്. പതിവായി വെള്ളമൊഴുക്കാത്തതുമൂലം കാടുമൂടിയും മണ്ണിടിഞ്ഞും കനാലുകൾ ഉപയോഗശൂന്യമായിരിക്കുകയാണ്. വേനൽ കടുത്താൽ ജനുവരിയോടെ കനാലുകളിലൂടെ വെള്ളം ഒഴുക്കത്തക്ക നിലയിൽ മുമ്പ് ശുചീകരണം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞവർഷവും ജലവിതരണത്തിനുമുമ്പ് കനാലുകൾ പൂർണമായും വൃത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇത് പലയിടത്തും ജലവിതരണം തടസപ്പെടുത്തി.
പരാതി നൽകിയിട്ടും നടപടിയില്ല
കനാലുകളിൽ വിള്ളൽ വീണതും ജലവിതരണത്തെ ബാധിച്ചു.കനാൽജലം എത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ഐ.പി അധികാരികൾക്ക് നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാകാത്ത സ്ഥിതിയാണ്.
- കനാലുകളിൽ മണ്ണിടിഞ്ഞു, കാടുമൂടി
-മിക്ക ഇടങ്ങളും മാലിന്യ കേന്ദ്രം