പത്തനംതിട്ട: ശ്രീമൂലം പ്രജാസഭയിൽ എം.എൽ.സിയും നിരവധി വിദ്യാലയങ്ങളുടെ സ്ഥാപകനുമായ ഇടയിൽ വാദ്ധ്യാർ എന്നറിയപ്പെടുന്ന ഇ.ഐ. ചെറിയാന്റെ 70 -ാമത് ചരമ വാർഷികം 15ന് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടക്കുമെന്ന് ഇടയിൽ വാദ്ധ്യാർ സ്മാരക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7ന് ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാന. 9.30ന് പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് സ്മാരക പ്രഭാഷണം നടത്തും.യൂഹാനോൻ മാർ ക്രിസോസ്റ്റം പുസ്തക പ്രകാശനം നിർവഹിക്കും. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഫാ.പി.ജെ.ജോസഫ്, ഫാ.സാജൻ താഴേതിൽ , ജോർജ് തോമസ്, പ്രൊഫ.ഡി.പ്രസാദ് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കൺവീനർ ഡോ.സാഗർ ചെറിയാൻ ഇടയിൽ,ബിജു വർഗീസ്,സുബിൻ തോമസ്,സാം ഡാനിയേൽ എന്നിവർ പങ്കെടുത്തു.