kzy
കോഴഞ്ചേരി പഞ്ചായത്തിലെ ടി.കെ റോഡിൽ പണി നടക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടം

പത്തനംതിട്ട : ജില്ലയിൽ 90 ടേക്ക് എ ബ്രേക്ക് പദ്ധതികൾ 37 എണ്ണം പൂർത്തിയായി. ഇതിൽ പത്തെണ്ണം പുതിയതായി നിർമ്മിച്ചവയും ബാക്കിയുള്ളവ നവീകരിച്ചതും ആണ്. ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും ടേക്ക് എ ബ്രേക്ക് പദ്ധതികളുണ്ട്.

ഉന്നത നിലവാരത്തിലുള്ള ടോയ്‌ലറ്റ്, വഴിയിടം ബോർഡ്, നാപ്കിൻ ഡിസ്‌ട്രോയർ യൂണിറ്റ്, ആകർഷകമായ പെയ്ന്റിംഗ്, വാഷ് ബേസിൻ, കണ്ണാടി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ വികസനഫണ്ട്, ശുചിത്വമിഷൻ വിഹിതം എന്നിവയുപയോഗിച്ചാണ് പ്രോജക്ടുകൾ തയ്യാറാക്കിയിട്ടുള്ളത്.

കൊടുമൺ ഗ്രാമപഞ്ചായത്തിലാണ് ജില്ലയിൽ ആദ്യമായി ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയം പൂർത്തീകരിച്ചത്. അടൂർ, പത്തനംതിട്ട നഗരസഭകൾ, ആനിക്കാട്, കോട്ടാങ്ങൽ, റാന്നിപെരുനാട്, മല്ലപ്പള്ളി, ചിറ്റാർ, നാറാണംമൂഴി, വെച്ചൂച്ചിറ, കുളനട, പന്തളംതെക്കേക്കര, മലയാലപ്പുഴ, വള്ളി​ക്കോട്, അരുവാപ്പുലം, പ്രമാടം, കോന്നി, സീതത്തോട്, റാന്നിപഴവങ്ങാടി, ഓമല്ലൂർ, ഇരവിപേരൂർ, നെടുമ്പ്രം, കല്ലൂപ്പാറ, കുന്നന്താനം, കടമ്പനാട്, ഏനാദിമംഗലം, മെഴുവേലി, നിരണം ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി പൂർത്തിയായി. ഓമല്ലൂർ, ഇരവിപേരൂർ എന്നിവിടങ്ങളിലേത് സൗകര്യങ്ങൾ കൂടുതലായുണ്ട്. ഇവിടെ കോഫി കഫേ നിർമ്മിക്കാനുള്ള ശ്രമം നടക്കുകയാണ്. പന്തളം, അയിരൂർ അടക്കം നിരവധി പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുക്കലിലെ കാലതാമസം കാരണം പദ്ധതി പൂർത്തീകരിച്ചിട്ടില്ല.

6.40 കോടിയുടെ പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയത്. ഇത് 87 കെട്ടിടങ്ങൾക്കായുള്ള തുകയാണ്. ഇപ്പോൾ പദ്ധതി 90 ആയപ്പോൾ എസ്റ്റിമേറ്റ് വർദ്ധിച്ചതായി അധികൃതർ പറയുന്നു.

" ജില്ലയിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പ്രവർത്തനം നല്ല രീതിയിൽ മുമ്പോട്ട് പോകുന്നുണ്ട്. നിലവിൽ സ്ഥലം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാത്രമാണ് ആശങ്ക. എല്ലാം പരിഹരിച്ച് 90 പദ്ധതികളും ജില്ലയിൽ പൂർത്തിയാകും. "

ആർ. രാജേഷ്

ഹരിത കേരളം മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ

ജി​ല്ലയി​ൽ 90 പദ്ധതി​കൾ, പൂർത്തീകരി​ച്ചത് 37