തിരുവല്ല: എ.എച്ച്.എം.എ 15-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനം തിരുവല്ല സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ആൻഡ് പഞ്ചകർമ്മ സെന്ററിൽ നടന്നു. കൊവിഡ് ചികിത്സാരംഗത്ത് ഫലപ്രദം എന്ന് കണ്ടെത്തിയ ആയുഷ് ചികിത്സാ രീതികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന ഇരട്ടത്താപ്പും ചിറ്റമ്മ നയവും ഉപേക്ഷിച്ച് തെളിയിക്കപ്പെട്ട ആയുഷ് ചികിത്സാരീതികൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുള്ള സത്വര നടപടികൾ സർക്കാരുകൾ കൈക്കൊള്ളണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. ദന്തചികിത്സാ രംഗത്ത് ചെയ്തതുപോലെ ആയുർവേദ ചികിത്സ വീടുകളിൽ പോയി ചെയ്യുന്ന സംവിധാനത്തിനും നിയന്ത്രണം കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായി ഡോ.സജീഷ് കുമാർ റാന്നി (പ്രസിഡന്റ്), ഡോ.ബിജു പി.എസ്. കോഴഞ്ചേരി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഡോ.ലിജു മാത്യു എളപ്പുങ്കൽ, ആയുർലൈൻ ചീഫ് എഡിറ്റർ ഡോ. ബി.ജി.ഗോകുലൻ സുദർശനം എന്നിവർ പ്രസംഗിച്ചു.