റാന്നി: പട്ടയമില്ലാത്ത കൈവശഭൂമിയിൽ നിന്നും വിലകൂടിയ മരങ്ങൾ വെട്ടി കടത്തിയിട്ടും അധികൃതർക്ക് നിസംഗത. മടന്തമൺ തേക്കതൊട്ടിയിൽ പട്ടയം നൽകുന്നതിനായി അധികൃതർ മഹസർ റിപ്പോർട്ട് തയാറാക്കിയ കൂട്ടത്തിലുള്ള തേക്കും,വെണ്ടേക്കും,പ്ലാവും,ആഞ്ഞിലിയും അടക്കമുള്ള വൻ മരങ്ങളാണ് വെട്ടികടത്തിയത്. ഇവിടെ നിന്ന് രാത്രിയുടെ മറവിൽ പച്ചമണ്ണും വൻതോതിൽ കടത്തിയിട്ടുണ്ട്. പൊലീസ് റവന്യൂ, വനം അധികൃതരുടെ മൗനാനുവാദത്തോടെയാണ് സംഭവമെന്നാണ് ആരോപണം.വീടു നിർമ്മാണത്തിന്റെ മറവിലാണ് മരവും മണ്ണും കടത്തിയത്. ഇവിടുത്തെ മറ്റു താമസക്കാർ ചികിത്സ,പഠനാവശ്യങ്ങൾക്കായി മരം മുറിച്ചപ്പോൾ കേസെടുത്ത സാഹചര്യവും ഉണ്ട്.വീടിനു ഭീഷണിയായി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റിയാൽപ്പോലും വനം അധികൃതർ എത്തി കേസെടുക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ടെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു. പ്രദേശവാസികൾ നാളുകളായി പട്ടയം ലഭിക്കുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്ന സ്ഥലം കൂടിയാണിത്. നിലവിൽ വനം,റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് പട്ടയം ലഭിക്കാൻ കാലതാമസം നേരിടുന്നത്. 1955 മുതൽ ജനങ്ങൾ താമസിക്കുന്ന ഇവിടം റിസർവ് വനമാണെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുമ്പോൾ വൻതോതിൽ മരങ്ങൾ വെട്ടി കടത്തിയതാണ് സംശയത്തിനിട നൽകുന്നത്.