pattayam-
പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎ വിളിച്ചുചേർത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം

റാന്നി: റാന്നിയിലെ പട്ടയ വിതരണ നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ആവശ്യപ്പെട്ടു. പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ ചർച്ച ചെയ്യുന്നതിന് എം.എൽ.എ വിളിച്ചുചേർത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധതരത്തിലുള്ള പട്ടയ പ്രശ്നങ്ങളാണ് റാന്നി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിലായി നേരിടുന്നത്. വനംവകുപ്പ് അനുമതി ആവശ്യമില്ലാത്ത പട്ടയങ്ങൾ ഉദ്യോഗസ്ഥർ മുൻകൈയെടുത്തു എത്രയും വേഗം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം. വനംവകുപ്പിന്റെ അനുമതി വേണ്ട പട്ടയങ്ങൾക്ക് അവ ലഭിക്കാൻ അധികൃതർ കൃത്യമായ ഇടപെടലുകൾ നടത്താനും എം.എൽ.എ ആവശ്യപ്പെട്ടു. റാന്നി താലൂക്കിലെ എല്ലാ വില്ലേജുകളിലെയും പട്ടയ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. എം.എൽ.എയെ കൂടാതെ റാന്നി തഹസിൽദാർ ബി.നവീൻ ബാബു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി , പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി, വിവിധ വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.