മല്ലപ്പള്ളി: വീടുകളിൽ ഓൺ ഗ്രിഡ് സൗര വൈദ്യുതി പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ സ്ഥാപനമായ അനെർട്ട് മുഖേന 40 ശതമാനം സബ്‌സിഡി ലഭിക്കും. ഉത്പാദിപ്പിക്കുന്നതിൽ വീട്ടിൽ ഉപയോഗിക്കാതെ അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകാവുന്ന തരത്തിലാണ് ക്രമീകരണം. പദ്ധതിയുടെ കാമ്പയിൻ പാർട്ണറായി ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയെ സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നിന് മല്ലപ്പള്ളി പ്രസ് ക്ലബ് ഹാളിൽ ചേരുന്ന യോഗത്തിൽ അനെർട്ട് ജില്ലാ എൻജിനിയർ സന്തോഷ് ടി.തോമസ് പദ്ധതി വിശദീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും. രണ്ട് മുതൽ പത്ത് കിലോവാട്ട് വരെയുള്ള പ്ലാന്റുകളാണ് വീടുകളിൽ സ്ഥാപിക്കാവുന്നത്. ആധാർ നമ്പർ, വീട്ടിലെ വൈദ്യുതി കണക്ഷൻ നമ്പർ എന്നിവ സഹിതം എത്തിയാൽ ഇവിടെ പേര് രജിസ്റ്റർ ചെയ്യാം. CP010 എന്ന റഫറൽ കോഡ് ഉപയോഗിച്ച് നേരിട്ടും നൽകാം. രജിസ്‌ട്രേഷൻ സമയത്ത് ജി.എസ്.ടി.ഉൾപ്പെടെ 1225 രൂപ അടയ്ക്കണം. ഇത് പിന്നീട് പദ്ധതി തുകയിൽ കുറച്ച് നൽകിയാൽ മതി. ഫോൺ 82817 81234.