pettathullal
അമ്പലപ്പുഴ പേട്ട സംഘത്തിനു മല്ലപ്പള്ളിയിൽ സ്വീകരണം

മല്ലപ്പള്ളി: അമ്പലപ്പുഴ പേട്ട സംഘത്തിന്‌ മല്ലപ്പള്ളിയിൽ സ്വീകരണം നൽകി. തിരുമാലിട മഹാദേവ ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി പഞ്ചായത്ത് ജംഗ്ഷനിൽ സംഘത്തെ നിറപറയും നിലവിളക്കും വച്ച് സ്വീകരിച്ചു. തുടർന്ന് വാദ്യമേളത്തിന്റേയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും അകമ്പടിയോടെ സംഘത്തെ വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു. മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും നാട്ടുകാരും ചേർന്ന് സംഘത്തെ വരവേറ്റു. വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്കു വേണ്ടി പ്രസിഡന്റ് തോമസ്കുട്ടി ഹാരാർപ്പണം നടത്തി. തുടർന്ന് തിരുമാലിട മഹാദേവക്ഷേത്രത്തിലെത്തിയ പേട്ട സംഘത്തിന്‌ ക്ഷേത്ര സന്നിധിയിൽ അന്നദാനം നടന്നു. രാവിലെ കവിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും പുനരാരംഭിച്ച രഥയാത്ര കുന്നന്താനം നടയ്ക്കൽ മഹാദേവക്ഷേത്രം, മഠത്തില്ക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തജനങ്ങൾ നല്കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് മല്ലപ്പള്ളിയിലെത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം കീഴ്വായ്പൂര് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആനിക്കാട് ശിവപാർവതി ക്ഷേത്രം, വായ്പൂര്‌ മഹാദേവക്ഷേത്രം, കുളത്തൂർമൂഴി ദേവിക്ഷേത്രം, കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം വഴി മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ജനുവരി 6ന്‌ ശബരിമല അയ്യപ്പ സ്വാമിയുടെ മാതൃസ്ഥാനീയനായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വമി ക്ഷേത്ര സന്നിധിയിൽ നിന്നും പ്രയാണമാരംഭിച്ച അമ്പലപ്പുഴ പേട്ട സംഘത്തിന്റെ രഥഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ ഭക്തജനങ്ങൾ, ക്ഷേത്ര ഭാരവാഹികൾ, ഹൈന്ദവ സംഘടനകൾ, മറ്റിതര സംഘടകൾ, സമൂഹത്തിന്റെ വിവിധ തലങ്ങളിൽപെട്ടവർ എന്നിവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിങ്കളാഴ്ച ഉച്ചയോടുകൂടി എരുമേലി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ചൊവ്വാഴ്ച എരുമേലി പേട്ട തുള്ളൽ നടക്കും. 13ന്‌ പമ്പ സദ്യയും 14 ന് മകരവിളക്ക് ദർശനം.