ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിൽ ഇന്നുമുതൽ കഥകളി അരങ്ങ് ഉണരും. പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി സന്ധ്യയ്ക്ക് കഥകളി ആരംഭിക്കും. പുറപ്പാട്, മേളപ്പദം എന്നീ കഥകളിയിലെ ചടങ്ങുകൾ വിസ്തരിച്ച ശേഷം നരകാസുരവധം കഥ അരങ്ങേറും. കോട്ടയ്ക്കൽ കേശവൻ കുണ്ഠലായം നരകാസുരനായും പീരപ്പളളി രാജീവൻ ലളിതയായും കലാമണ്ഡലം നീരജ് നക്രതുണ്ടിയായും വേഷമിടുന്ന കഥകളിയിൽ സജീവൻ, രാജീവൻ, സിനു എന്നിവർ സംഗീതമൊരുക്കും. ചെണ്ടയിൽ കലാഭാരതി ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ശ്രീഹരി എന്നിവരും മദ്ദളത്തിൽ കലാനിലയം മനോജ്, കലാമണ്ഡലം അനീഷ് എന്നിവരും മേളമൊരുക്കും. ശ്രീവല്ലഭ വിലാസം കഥകളിയോഗമാണ് ചമയം ഒരുക്കുന്നത്. നാളെ മേജർസെറ്റ് കഥകളി ക്ഷേത്ര സന്നിധിയിൽ അരങ്ങേറും 6.30 മുതൽ കിരാതം, ബാലീവിജയം എന്നി കഥകളാണ് അരങ്ങേറുന്നത്. കിരാതത്തിൽ കലാമണ്ഡലം കൃഷ്ണകുമാർ അർജ്ജുനനായും ഡോ.സദനം കൃഷ്ണൻകുട്ടി കാട്ടാളനായും മാർഗി വിജയകുമാർ കാട്ടാളത്തിയായും അനന്തകൃഷ്ണൻ ശിവനായും വേഷമിടും. രണ്ടാം അരങ്ങിൽ ഫാക്ട് മോഹനൻ രാവണനായും മധുവാരണാസി നാരദനായും ഹരിപ്പാട് ബാലകൃഷ്ണൻ ബാലിയായും വേഷമിടും. പത്തിയൂർ ശങ്കരൻകുട്ടിയാണ് പാട്ട്, കലാമണ്ഡലം കൃഷ്ണദാസ്, കലാഭാരതി ഉണ്ണികൃഷ്ണൻ എന്നിവർ ചെണ്ടയും കലാമണ്ഡലം അച്ചുത വാര്യർ കലാഭാരതി ജയശങ്കർ എന്നിവർ മദ്ദളവും വാദനം ചെയ്യും.