1
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരോഗ്യമന്ത്രി വീണ ജോർജ് മലേറിയ മുക്ത ബ്ലോക്ക് തല പ്രഖ്യാപനം നടത്തി സംസാരിക്കുന്നു

അടൂർ : ഒമിക്രോണിനെതിരെ അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മലേറിയ വിമുക്ത ബ്ലോക്ക് തല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലേറിയ വിമുക്ത ബ്ലോക്ക് സർട്ടിഫിക്കറ്റ് മന്ത്രി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ളക്ക് കൈമാറി.പറക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏഴു പഞ്ചായത്തുകളിലും അടൂർ നഗരസഭയിലും ആരംഭിച്ച മലേറിയ എലിമിനേഷൻ കാമ്പയിൻ സമയബന്ധിതമായി പൂർത്തീകരിച്ചാണ് ജില്ലയിലെ ആദ്യ മലേറിയ വിമുക്ത ബ്ലോക്കായി മാറുവാൻ സാധിച്ചത്. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലും മലേറിയ മുക്തപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ നഗരസഭ ചെയർമാൻ ഡി.സജി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞന്നാമ്മ കുഞ്ഞ്, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലിടീച്ചർ, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) എൽ.അനിതാകുമാരി, ഡെപ്യൂട്ടി ഡി.എം.ഒ.സി.എസ്.നന്ദിനി,എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ എസ്.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.