റാന്നി: അത്തിക്കയം ഗുരുക്ഷേത്രം കടുമീൻചിറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പിആവശ്യപ്പെട്ടു. നാറാണംമൂഴി പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രധാന റോഡായ അത്തിക്കയം ഗുരുക്ഷേത്രം കടുമീൻചിറ റോഡ് പത്തുവർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. അത്തിക്കയം സർവീസ് സഹകരണ ബാങ്ക്, ഡോ.സി.സി ബാബു മെമ്മോറിയൽ ആശുപത്രി.അത്തിക്കയം ഗുരുക്ഷേത്രം, കടുമീൻചിറ ക്ഷേത്രം, കടുമീൻചിറ ഹയർ സെക്കൻഡറി സ്കൂൾ എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണ് ഇത്തരത്തിൽ വർഷങ്ങളായി തകർന്നു കിടക്കുന്നത്. കാലാകാലങ്ങളായി പഞ്ചായത്തിൽ ഭരണം നടത്തുന്ന രാക്ഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഈ റോഡിനെ അവഗണിക്കുകയാണ്. കിഫ്ബിയിൽ നിന്നും റോഡിനു മൂന്നു കോടി രൂപ വകയിരുത്തിയെന്ന എം.എൽ.എ യുടെ പത്രക്കുറിപ്പ് വന്നിരുന്നെങ്കിലും ഇതുവരെയും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല.കാൽനട യാത്രപോലും ദുഷ്കരമായ ഇവിടെ എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ഇല്ലാത്ത പക്ഷം വഴിതടയൽ ഉൾപ്പടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.യോഗം ബി.ജെ.പി നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ കമലാസനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അമ്പിളി സുരേഷ് റിപ്പോർട് അവതരിപ്പിച്ചു. പി.ബി പ്രസാദ്, അജയകുമാർ വാഴക്കാല എന്നിവർ സംസാരിച്ചു.