 
കടമ്പനാട് : അയ്യായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരവുമായി കടമ്പനാട് കെ.ആർ.കെ.പി.എം.ബി.എച്ച് സ്കൂൾ ലൈബ്രറി ശ്രദ്ധേയമാകുന്നു. സ്കൂൾ മുറ്റത്തേക്കെത്തുന്ന ഏതൊരാളെയും സ്വാഗതം ചെയ്തുകൊണ്ട് മലയാളത്തിന്റെ മഹാപ്രതിഭകൾ തങ്ങളുടെ വാക്കുകളാലും ചിത്രങ്ങളാലും ലൈബ്രറിയുടെ ചുമരുകളിൽ നിറയുകയാണ്. എഴുത്തച്ഛൻ മുതൽ ചുള്ളിക്കാട് വരെയുള്ളവരുടെ ജീവസുറ്റ ചിത്രങ്ങൾ വരച്ചത് സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ പ്രകാശം ആണ്. അതിനുള്ളിൽ വിശാലമായ ലൈബ്രറിയാണ്. നീണ്ട പുസ്തക നിരകൾ, കഥ,കവിത,നോവൽ,നാടകം, ബാലസാഹിത്യം, ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം എന്നിങ്ങനെ ഇനം തിരിച്ചാണ് ഷെൽഫുകളിൽ അടുക്കിയിട്ടുള്ളത്. പ്രാചീന കവിത്രയം മുതൽ അത്യന്താധുനിക എഴുത്തുകാരുടെ കൃതികൾവരെ വ്യത്യസ്തങ്ങളായ പുത്തൻ പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫുകൾ കണ്ണും മനസും നിറയ്ക്കും. മലയാളത്തിന് പുറമേ ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിലെ പുസ്തകങ്ങളുമുണ്ട്. ബാലസാഹിത്യ കൃതികളാണ് കുട്ടികൾക്കേറെ പഥ്യം. കുട്ടികളെ മാത്രമല്ല അദ്ധ്യാപകരെയും അനദ്ധ്യാപകരെയും വായനയിലേക്കടുപ്പിക്കുന്ന ഇടമായി ഇതു മാറുന്നുണ്ട്. പുസ്തകപ്രേമിയും ഭാഷാ പണ്ഡിതനുമായ മുൻ മാനേജർ കെ.രവീന്ദ്രനാഥൻ പിള്ളയുടെ പേരിലുള്ള ലൈബ്രറിയുടെ പുസ്തക സമാഹരണത്തിന് ഇവിടുത്തെ പൂർവാദ്ധ്യാപകരും പൂർവവിദ്യാർത്ഥികളും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. മാനേജ്മെന്റ്, പി.ടി.എ, അദ്ധ്യാപകർ എന്നിവരുടെ കൂടി സഹകരണത്തോടെയാണ് മികച്ച ഒരു ലൈബ്രറി എന്ന നിലയിലേക്കുള്ള ഇതിന്റെ വളർച്ച. ലൈബ്രറി ഇൻ ചാർജ് കൂടിയായ മലയാളം അദ്ധ്യാപിക ആർ.രേഖയുടെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ പ്രവർത്തനം .