home
പയ്യനാമണ്ണ് പത്തലുകുത്തിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു കിടന്ന വീട്

കോന്നി : പയ്യനാമണ്ണ് പത്തലുകുത്തി ഗ്രാമം ഞെട്ടലോടെയാണ് ഇന്നലെ രാവിലെ ഉണർന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിൽ മരിച്ചു കിടക്കുന്നുവെന്ന വാർത്ത നാടിനെ നടുക്കി. പത്തലുകുത്തി തേക്കിനേത്ത് സോണി, ഭാര്യ റീന, ഇവരുടെ ദത്തുപുത്രൻ റയാൻ എന്നിവർ മരണപ്പെട്ടുവെന്ന് പലർക്കും വിശ്വസിക്കാനായില്ല. അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട.ഹെഡ് മാസ്റ്റർ ടി.എസ്.സാമുവേലിന്റെയും ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന അമ്മുക്കുട്ടിയുടെയും മകനാണ് സോണി. സ്കൂളിലും കോളേജിലും പഠനത്തിൽ മികവ് പുലർത്തിയിരുന്ന സോണി വിദ്യാഭ്യാസത്തിനു ശേഷം കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. കുറേകാലം മുംബെയിലും ജോലിചെയ്തിരുന്ന സോണിയെ അക്കാലത്ത് കാണാതായ സംഭവവുമുണ്ടായിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം പൊതുവെ അന്തർമുഖനായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇടക്കാലത്ത് കുവൈറ്റിൽ നടത്തിയിരുന്ന ബിസിനസിൽ രണ്ടരകോടി രൂപയുടെ നഷ്ടമുണ്ടായിരുന്നതായി വിവരമുണ്ട്. എങ്കിലും സാമ്പത്തികമായി ബാദ്ധ്യതകളൊന്നും ഇല്ലായിരുന്നുവെന്നു അടുത്ത ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. പണം നഷ്ടപ്പെട്ടതിനെ മനോവിഷമം ഉണ്ടായിരുന്നു. കുറെ നാളുകളായി സോണി പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ വിഷാദ രോഗത്തിന് ചികത്സയിൽ കഴിഞ്ഞിരുന്നു. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞു വരുന്നവർക്ക് സോണി പണവും നൽകിയിരുന്നു.

സോണിയുടെ മാതാവ് 15 വർഷങ്ങൾക്ക് മുൻപും പിതാവ് അടുത്തിടെയും മരണപ്പെട്ടിരുന്നു. രണ്ടു സഹോദരിമാരിൽ ഒരാൾ അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അദ്ധ്യാപികയും മറ്റൊരാൾ അയർലണ്ടിൽ നഴ്സുമാണ്. പ്രവാസിയായിരുന്ന സോണി അടുത്തകാലത്താണ് നാട്ടിലെത്തിയത്.