പത്തനംതിട്ട: നഗരത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നഗരസഭ നേരിട്ട് വെള്ളം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിലേറെയായി നഗരത്തിന്റെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ശുദ്ധീകരണ പ്ലാന്റിൽ ചെളി നിറഞ്ഞതാണ് ജല വിതരണം തടസപ്പെടുന്നതിനുള്ള കാരണമായി ജലവിഭവ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സമയബന്ധിതമായി തകരാറുകൾ പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നുമുള്ള അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. പമ്പിംഗ് പൂർണതോതിൽ പുനസ്ഥാപിക്കുന്നതിന് ഒരാഴ്ച കൂടി എടുക്കുമെന്നാണ് അധികാരികൾ അറിയിച്ചിട്ടുള്ളത്. കുടിവെള്ള വിതരണം നടത്താൻ നഗരസഭയ്ക്ക് സർക്കാർ അനുമതി നൽകിയിട്ടില്ല. വേനൽക്കാലത്ത് കുടിവെള്ളം വിതരണം ചെയ്യാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ പ്രത്യേക അനുമതി നൽകുകയാണ് പതിവ്. കുടിവെള്ള വിതരണത്തിനായി പ്രത്യേക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് നഗരസഭ സമർപ്പിച്ചെങ്കിലും സർക്കാർ അനുമതി ആകാത്തതിനെ തുടർന്ന് അംഗീകാരം ലഭിച്ചില്ല. പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളിൽ കുടിവെള്ളം എത്തിച്ചു നൽകാനുള്ള ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെന്നാണ് സർക്കാർ ഉത്തരവുകൾ വ്യക്തമാക്കുന്നത്.
നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗങ്ങൾ പല പ്രാവശ്യം വിളിച്ചചേർത്തെങ്കിലും കാര്യമായ പരോഗതിയൊന്നും ഉണ്ടായില്ല. നഗരത്തിലെ ജലവിതരണം കാര്യക്ഷമമാക്കുന്നതിന് പുതിയ പമ്പ് സെറ്റ് സ്ഥാപിക്കാൻ 35 ലക്ഷം രൂപയാണ് നഗരസഭ അതോറിറ്റിക്ക് നൽകിയിട്ടുള്ളത്. കൂടാതെ ചെറുകിട പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒന്നരക്കോടി രൂപ ജല വകുപ്പിൽ കെട്ടിവച്ചിട്ടുണ്ട്. ചില പദ്ധതികൾ ഇതിനകം തുടങ്ങുകയും ചെയ്തു. നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ തകരാറുകൾ ഉടനടി പരിഹരിക്കണം. ഇനിയും കാലതാമസമുണ്ടായാൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകേണ്ടിവരും.
.............................
കുടിവെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സാങ്കേതികമായ ഉത്തരവുകൾ കാത്തുനിൽക്കാൻ നഗരസഭയ്ക്കാവില്ല. നഗരസഭസഭാ കൗൺസിലിന്റെ അനുമതി പ്രതീക്ഷിച്ച് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവാക്കി ടാങ്കർ ലോറികളിൽ ഉടനടി വെള്ളമെത്തിച്ചു നൽകാൻ നടപടിയെടുക്കും.
അഡ്വ.ടി.സക്കീർ ഹുസൈൻ
(നഗരസഭാ ചെയർമാൻ)