 
തിരുവല്ല: വാഹനമിടിച്ചതിനെ തുടർന്ന് വിരണ്ടോടിയ കാട്ടുപന്നി വേങ്ങലിൽ ഭീതി പടർത്തി. വേങ്ങൽ പള്ളിപ്പടിക്ക് സമീപം ഇന്നലെ രാവിലെ ആറു മണിയോടെ ആയിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശേരി ഭാഗത്ത് നിന്നും എത്തിയ കാർ പന്നിയെ ഇടിച്ചു. ഇതേതുടർന്ന് വിരണ്ടോടിയ പന്നി വേളൂർ മുണ്ടകം റോഡിലൂടെ അരകിലോമീറ്ററോളം ദൂരം പാഞ്ഞു. നാട്ടുകാർ പിന്തുടരുന്നത് കണ്ട് പന്നി പോളയും പായലും നിറഞ്ഞു കിടക്കുന്ന വേങ്ങൽ തോട്ടിലേക്ക് ചാടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് റാന്നി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുമ്പ് സമീപവാസികളായ ശശികുമാർ, ബിനു എന്നിവർ ചേർന്ന് കുരുക്കിട്ട് പിടികൂടിയ പന്നിയെ വലയിലാക്കിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പന്നിയെ കൈമാറി. പ്രദേശത്ത് ആദ്യമായാണ് കാട്ടുപന്നിയെ കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു.