പന്തളം : സംസ്കൃതം ലോകത്തെ തന്നെ ഏറ്റവും മഹത്തായ ഭാഷയാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വിശ്വസംസ്കൃത പ്രതിഷ്ഠാനം സംഘടിപ്പിച്ച ഗുരുസപര്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകഭാഷകളിൽ മാതൃസ്ഥാനമാണ് സംസ്കൃതത്തിനുള്ളത്. നമ്മുടെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ സമ്പത്തിന്റെ കലവറയെന്ന് സംസ്കൃതത്തെ വിശേഷിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ മാധവൻ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ സംസ്കൃതത്തെക്കുറിച്ചുള്ള പഴയഓർമകൾ ഡെപ്യൂട്ടി സ്പീക്കർ പങ്കുവച്ചു. സംസ്കൃതഭാരതിയുടെ അഖിലേൻഡ്യ ജനറൽ സെക്രട്ടറി ശ്രീശദേവപൂജാരി മുഖ്യപ്രഭാഷണം നടത്തി. ഉജ്ജയിനി മഹർഷി പാണിനി സംസ്കൃത സർവകലാശാലാ വൈസ് ചാൻസിലർ ഡോ.സി.ജി വിജയകുമാർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പന്തളം എൻ.എസ്.എസ് കോളേജിലെ മുൻ അദ്ധ്യാപകനായ ഡോ.എം.പി ഉണ്ണികൃഷ്ണനെ പണ്ഠിതരത്നം ബഹുമതി നൽകി ആദരിച്ചു. കേരളത്തിലെ ഏറ്റവും മികച്ച സംസ്കൃത അദ്ധ്യാപകനുള്ള പുരസ്കാരം എറണാകുളം ജില്ലയിലെ അകവൂർ എച്ച്.എസ് എസിലെ ഡോ. പി.കെ ശങ്കരനാരായണനെ ശർമ്മാജി പുരസ്കാരം നൽകി ആദരിച്ചു. ഒപ്പം പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നും വിരമിച്ച സംസ്കൃത അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ വി.ജെ ശ്രീകുമാർ പന്തളം എൻ.എസ്.എസ് കോളേജിലെ സംസ്കൃത ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ ആശാ ദേവി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.