ചെങ്ങന്നൂർ: പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ മണൽക്കൊള്ള നടത്തി വരട്ടാർ പദ്ധതിയിലൂടെ വൻ സാമ്പത്തിക നേട്ടത്തിനാണ് സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപിത താൽപ്പര്യക്കാർ ശ്രമിക്കുന്നതെന്ന് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയോഗം ആരോപിച്ചു. പ്രകൃതിവിരുദ്ധവും നിയമവിരുദ്ധവുമായ ഈ പ്രവർത്തിയിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. വരട്ടാർ പദ്ധതി സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് ഇല്ലാത്തതും സംശയാസ്പദമാണ്. വരട്ടാർ പുനരുജ്ജീവനത്തിന്റെ പേരിൽ മുമ്പ് കോടിക്കണക്കിന് രൂപ പാഴാക്കിയത് സംബന്ധമായി സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ഇപ്പോൾ നടത്തുന്ന പുനരുജ്ജീവനത്തിന് മുടക്കുന്ന തുക സംബന്ധമായും മണൽനീക്കം സംബന്ധമായും കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും പൊതുജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.എബി കുര്യാക്കോസ്, നളന്ദ ഗോപാലകൃഷ്ണൻ നായർ, പി.വി.ജോൺ, സുജ ജോൺ, കെ.ദേവദാസ്, ശ്രീകുമാർ കോയിപ്പുറം, അഡ്വ.എൻ ആനന്ദൻ, അഡ്വ.ദിലീപ് ചെറിയനാട്, സജി കുമാർ കെ.കെ, വി.കെ ശോഭ, എം.രജനീഷ്, പി.ഡി. മോഹനൻ, എം.ജി രാജപ്പൻ, പി.സി.രാജൻ, അലീനാ വേണു, കെ.ആർ മുരളീധരൻ, മനീഷ് കെ.എം, ടി.സി.ഹരികൃഷ്ണൻ, പി.സി.തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.