പത്തനംതിട്ട: റിംഗ് റോഡിലും നഗരത്തിനുളളിലും നടപ്പാതകളിൽ കൈയേറ്റം വ്യാപകമായി. നടന്നു പോകാൻ പോലും ഇടം നൽകാതെയാണ് പൊതുസ്ഥലം കൈയേറിയിരിക്കുന്നത്. റിംഗ് റോഡിൽ കടകളിലെ സാധനങ്ങൾ റോഡിലേക്ക് ഇറക്കി വച്ചാണ് നടപ്പാത ഇല്ലാതാക്കിയിരിക്കുന്നത്. വെട്ടിപ്രത്ത് കൈയേറ്റം കാരണം വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്. ടെസ്റ്റിംഗ് കഴിഞ്ഞ് പുറത്തിറക്കുന്ന വാഹനങ്ങൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് പരിശോധന നടത്താൻ നിറുത്തിയിടുന്നത് റോഡിലാണ്. ലോറിയും വലുതും ചെറുതുമായ മറ്റ് വാഹനങ്ങളും പാർക്ക് ചെയ്യുന്നത് റോഡിലായതിനാൽ അപകട സാദ്ധ്യതയേറെയാണ്. ഡ്രൈവിംഗ് സ്കൂൾ ടെസ്റ്റ് നടത്തുന്ന മൈതാനത്തിന് സമീപം റിംഗ് റോഡിൽ വശങ്ങളിലെ വെള്ള വരയുടെ മുകളിലും സാധനങ്ങൾ നിരത്തി വച്ചിരിക്കുകയാണ്. കടകൾക്ക് സമീപം സ്ഥലം ഉള്ളിട‌ത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ല. കടയിലേക്ക് വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമായി പൊതു സ്ഥലം കെട്ടിത്തിരിച്ചിട്ടുണ്ട്. ഇവിടെ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാക്കേറ്റം നടന്നു. നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ നടപ്പാത കൈയേറുന്നത് ഇരു ചക്രവാഹനക്കാരാണ്. പാർക്കിംഗ് ഏരിയയിൽ സ്ഥലം ഇല്ലാതെ വരുമ്പോൾ നടപ്പാതയ്ക്ക് കുറുകെയാണ് വാഹനങ്ങൾ നിറുത്തിയിടുന്നത്. നടപ്പാതകളിലടെ പോകേണ്ടവർ റോഡിലേക്ക് ഇറങ്ങി നടക്കുന്നതു കാരണം അപകട ഭീഷണിയുണ്ട്.