ശബരിമല: മകരവിളക്ക് ഉത്സവത്തിനായി രണ്ടുദിവസത്തെ ശുദ്ധിക്രിയകൾ നാളെ വൈകിട്ട് അഞ്ചിന് ശബരിമലയിൽ ആരംഭിക്കും. ഗണപതിപൂജ, രക്ഷോഘ്‌നഹോമം, വാസ്‌തുഹോമം, വാസ്‌തുബലി, വാസ്‌തുപുണ്യാഹം എന്നിവയാണ് നാളെ നടക്കുന്ന പ്രാസാദശുദ്ധിക്രിയകളിലെ പ്രധാന ചടങ്ങുകൾ. വ്യാഴാഴ്ച ബിംബശുദ്ധിക്രിയകളുടെ ഭാഗമായി ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവ നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും.

അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ ഇന്ന് എരുമേലിയിൽ നടക്കും. 12ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ഇന്ന് എരുമേലിയിൽ പേട്ടതുള്ളി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ കാനനപാതയിലൂടെ 13ന് ഉച്ചയ്‌ക്ക് പമ്പയിലെത്തി പമ്പസദ്യയും വൈകിട്ട് വിളക്കും നടത്തും. 14ന് ഉച്ചയ്‌ക്ക് 2.19നാണ് മകരസംക്രമപൂജ. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ്യ് അഭിഷേകം ചെയ്യും. വൈകിട്ട് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. അന്ന് ഉച്ച‌യ്‌ക്ക് ഒന്നുമുതൽ തീർത്ഥാടകരെ സന്നിധാനത്തേക്ക് വിടില്ല.

വൈകിട്ട് നീലിമലവഴി തിരുവാഭരണ ഘോഷയാത്ര കടന്നുപോയശേഷമേ പ്രവേശനം അനുവദിക്കൂ. സന്നിധാനത്ത് പാണ്ടിത്താവളത്ത് മാത്രം 8000 പേർക്ക് ഇരുന്ന് മകരജ്യോതി ദർശിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മാളികപ്പുറം, അന്നദാനമണ്ഡപം, ശബരിപീഠത്തിന് സമീപത്തെ വനമേഖല, ഇൻസിനറേറ്റർ, പാലാഴി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം, കെ.എസ്.ഇ.ബി, ഫോറസ്റ്റ് ഒാഫീസ്,​ പമ്പഹിൽടോപ്പ്, നിലയ്‌ക്കൽ, അട്ടത്തോട് തുടങ്ങിയ സ്ഥലങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.