project
ജനകീയ കമ്മിറ്റിയുടെ കൺവീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ സി.കെ ലതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ് കുമാർ, പഞ്ചായത്ത് അംഗം പ്രവീൺ ഗോപി, വില്ലേജ് അസിസ്റ്റന്റ് ലാലു എന്നിവർ സ്ഥലപരിശോധന നടത്തുന്നു

തിരുവല്ല: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കവിയൂർ പഞ്ചായത്തിലെ മത്തിമലയിൽ പുതിയ കുടിവെള്ള പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. പഞ്ചായത്തിലെ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന 4.5 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിക്കായി ഏറ്റെടുക്കുന്നത് കവിയൂരിലെ ആറാം വാർഡിലെ ഉയർന്ന പ്രദേശമായ മത്തിമലയിൽ 7 സെന്റ് സ്ഥലമാണ്. കവിയൂർ - കുന്നന്താനം കുടിവെള്ള പദ്ധതിയുടെ ജനകീയ കമ്മിറ്റി ജനങ്ങളിൽ നിന്നും പിരിവെടുത്ത തുകയിൽ അധികംവന്ന ആറ് ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ഈ ഭൂമി വാങ്ങി പഞ്ചായത്തിന് നൽകുന്നത്. കവിയൂർ പഞ്ചായത്തിലെ 4,5,6,7,8,12 എന്നീ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പദ്ധതി ഉപകാരപ്രദമാകും. നിലവിൽ വള്ളംകുളത്ത് മണിമലയാറ്റിലെ ജലഅതോറിറ്റിയുടെ കിണറ്റിൽ നിന്നും ശേഖരിക്കുന്ന ജലം ഗണപതിക്കുന്നിലുള്ള കുടിവെള്ള ടാങ്കിൽ സംഭരിക്കുന്നുണ്ട്. ഇവിടെനിന്നും കുടിവെള്ളം മത്തിമലയിൽ നിർമ്മിക്കുന്ന മൂന്ന് ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണിയിലെത്തിച്ച് വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് ലക്ഷ്യമിട്ട പദ്ധതി സ്ഥലം ഏറ്റെടുക്കൽ വൈകിയതിനാൽ നീണ്ടുപോകുകയായിരുന്നു. ജനകീയ കമ്മിറ്റിയുടെ കൺവീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ സി.കെ ലതാകുമാരി, പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ് കുമാർ, പഞ്ചായത്ത് അംഗം പ്രവീൺ ഗോപി, വില്ലേജ് അസിസ്റ്റന്റ് ലാലു എന്നിവർ സ്ഥലപരിശോധന നടത്തി. പഞ്ചായത്തിന് വാങ്ങി നൽകുന്ന സ്ഥലം വില്ലേജ് ഉദ്യോഗസ്ഥന്മാർ ഇന്നലെ ബോദ്ധ്യപ്പെടുത്തി. ജനകീയ കമ്മിറ്റി ചെയർമാൻ ജോസഫ് ജോൺ നേതൃത്വം നൽകുന്ന 15 അംഗ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

....................

കവിയൂർ പഞ്ചായത്തിലെ 4,5,6,7,8,12 എന്നീ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

- 2000 കുടുംബങ്ങൾക്ക് പ്രയോജനം

- 4.5 കോടിയുടെ പദ്ധതി

................

നാളെ സ്ഥലത്തിന്റെ ആധാരമെഴുത്ത് നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കും

എം.ഡി ദിനേശ്

(പഞ്ചായത്ത് പ്രസിഡന്റ് )