പ്രമാടം : കൊവിഡ് അതിവ്യാപനത്തെ തുടർന്ന് ഒന്നരവർഷം മുമ്പ് താൽക്കാലികമായി നിറുത്തലാക്കിയ കെ. എസ്.ആർ.ടി.സി ബസ് സർവീസുകൾ പുന:രാരംഭിക്കാത്തത് യാത്രാ ക്ളേശം രൂക്ഷമാക്കുന്നു. പത്തനംതിട്ട -പ്രമാടം - പൂങ്കാവ് - കോന്നി റൂട്ടിലാണ് യാത്രക്കാർ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തെ നിയന്ത്രണങ്ങളെ തുടർന്നാണ് പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്നും സർവീസ് നടത്തിയിരുന്ന ഏഴ് ബസുകൾ റദ്ദാക്കിയത്. നിയന്ത്രങ്ങൾ മാറുമ്പോൾ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ ജനപ്രതിനിധകൾ ഉൾപ്പടെയുള്ളവർക്ക് ഉറപ്പു നൽകിയിരുന്നു.എന്നാൽ ഇതും പാഴ്വാക്കായി.
ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സർവീസുകൾ
ഈ റൂട്ടിൽ നടത്തിയിരുന്ന എല്ലാ സർവീസുകളും ലാഭത്തിലായിരുന്നെന്ന് ഡിപ്പോ അധികൃതർ തന്നെ സമ്മതിക്കുന്നു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂർ ഇടവിട്ടും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെയും മണിക്കൂറുകളുടെ വ്യത്യാസത്തിലും ചെയിൻ സർവീസ് നടത്തിയിരുന്നു. വർഷങ്ങളായി മുടങ്ങാതിരുന്ന സർവീസുകളാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് അട്ടിമറിക്കപ്പെടുന്നത്.
വട്ടം കറങ്ങി വിദ്യാർത്ഥികൾ
ചെയിൻ സർവീസുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകമായിരുന്നു. പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഈ റൂട്ടിലുണ്ട്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം കുട്ടികൾക്കും ലഭിക്കുന്നില്ല. ഇതുമൂലം അതി രാവിലെ ഇറങ്ങി മണിക്കൂറുകളോളം വൈകി വീടുകളിൽ തിരിച്ച് എത്തേണ്ട ഗതികേടിലാണ് പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾക്ക് ആശ്രയമാകുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി സർവീസ് ക്രമീകരിക്കുമെന്ന്മന്ത്രി ഉൾപ്പടെ പ്രഖ്യാപിച്ചിട്ടും ഈ റൂട്ടിൽ യാത്രാക്ളേശം തുടരുകയാണ്. കെ.എസ്.ആർ.ടി.സിയിൽ മാത്രമാണ് നിലവിൽ കൺസെഷൻ ലഭിക്കുന്നത്.
രോഗികൾക്കും ദുരിതം
യഥാസമയം ബസ് സർവീസ് ഇല്ലാത്തത് രോഗികളെയും വലക്കുന്നു. പ്രദേശത്തെ
ജനങ്ങൾ അസുഖങ്ങൾക്ക് കോന്നി ഗവ.മെഡിക്കൽ കോളേജ്, പത്തനംതിട്ട, ജനറൽ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളെയാണ് ആശ്രയിക്കന്നത്. ഒ.പി സമയം ആശുപത്രികൾ എത്താൻ കഴിയാതെയും സ്വകാര്യ വാഹനങ്ങൾക്ക് അമിത ചാർജ്ജ് നൽകിയും സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്. കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ഉടൻ ആരംഭിച്ച് യാത്രാ ക്ളേശം പരിഹരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
- പ്രദേശത്തേക്ക് 7 സർവീസ് റദ്ദാക്കി