cow-
തീർത്ഥാടന പാതയിൽ കന്നുകാലികൾ യഥേഷ്ട്ടം വിഹരിക്കുന്നു

റാന്നി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന റോഡായ മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ പാതയിൽ കന്നുകാലികൾ യാത്രക്ക് തടസമുണ്ടാക്കുന്നതായി പരാതി. കൂനംകര ളാഹ മേഖലയിലാണ് തീർത്ഥാടന വാഹനങ്ങൾക്ക് ബുദ്ദിമുട്ടുണ്ടാക്കുന്ന രീതിയിൽ കന്നുകാലികൾ വിഹരിക്കുന്നത്. തോട്ടം മേഖലയിൽ താമസിക്കുന്ന തൊഴിലാളികളും പ്രദേശവാസികളും കന്നുകാലികളെ അഴിച്ചു വിട്ടു വളർത്തുന്നതാണ് ഇതിനു കാരണം. പലപ്പോഴും ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പടെ യാത്ര ചെയ്തെത്തുന്ന അയ്യപ്പന്മാർ അപകടത്തിൽ പെടാറുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുപോലും ശബരിമലക്ക് എത്തുന്ന അയ്യപ്പ ഭക്തർക്ക് റോഡ് പരിചയം ഇല്ലാത്തത് മൂലം പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ പാതയിലെ ഏറ്റവും ദുഷ്കരമായ കാര്യം കന്നുകാലികളെ വകഞ്ഞുമാറ്റി യാത്ര ചെയ്യണം എന്നുള്ളതാണ്. വാഹനങ്ങൾ കണ്ടു ഭയമില്ലാത്ത കന്നുകാലികൾ റോഡിന്റെ നടുക്ക് ഉൾപ്പെടെ കിടക്കുന്നതു പതിവാണ്. കന്നുകാലികളെ രാവിലെ അഴിച്ചു വിട്ടാൽ ഉച്ചക്ക് കറവ സമയത്തു വീടുകളിൽ എത്തുന്നതാണ് പതിവ്. തീർത്ഥാടന സമയത്തെങ്കിലും ഇത്തരത്തിൽ കന്നുകാലികളെ അഴിച്ചു വിടാതെ കെട്ടിയിട്ടു പരിപാലിക്കണമെന്നാണ് യാത്രക്കാരുടെയും അയ്യപ്പ സേവാ സംഗങ്ങളുടെയും ആവശ്യം.