കോന്നി: പയ്യനാമൺ പത്തലുകുത്തിയിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ തെക്കിനേത്തു സോണി സ്‌കറിയ, ഭാര്യ റീന , ദത്തുപുത്രൻ റയാൻ എന്നിവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകു. വീട്ടിൽ നിന്ന് കയറും വിഷത്തിന്റെ കുപ്പിയും പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയെയും വളർത്തുമകനെയും സോണി വിഷം നൽകിയോ തലയിണയോ, കയറോ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചോ, കൊലപ്പെടുത്തിയതാവാമെന്നാണ് പൊലീസ് കരുതുന്നത് . കുവൈറ്റിൽ ഇയാൾ നടത്തിയിരുന്ന ബിസിനസിൽ രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായതിന്റെ മനോവിഷം ഉണ്ടായിരുന്നെങ്കിലും ആർക്കും പണംകൊടുക്കാനില്ലായിരുന്നു. നല്ല തുക ബാങ്ക് നിക്ഷേപമായും ഉണ്ടായിരുന്നു. ഭാര്യ റീന കുവൈറ്റിലെ ഒരു കമ്പനിയിലെ റീജിയണൽ മാനേജരായിരുന്നു. നാട്ടിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് സോണി റീനയെ ജോലി രാജി വയ്പ്പിക്കുകയായിരുന്നുവെന്നു അടുത്ത ബന്ധുക്കൾ പറയുന്നു. നാട്ടിൽ ഫാക്ടറി തുടങ്ങാനാണെന്ന പേരിൽ നിരവധി സാധങ്ങളും വാങ്ങിയിരുന്നു. പൊതുവെ അന്തർമുഖനായിരുന്ന ഇയാൾ പരുമലയിലെ സ്വകര്യ ആശുപത്രിയിൽ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നു. ബിസിനസിലുണ്ടായ സാമ്പത്തിക നഷ്ടം മൂലം ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. അടുത്തകാലത്തായി നാട്ടിലെ പലർക്കും പണം ധാരാളമായി നൽകുന്ന പതിവുണ്ടായിരുന്നു. ഇതിൽ ചിലർ പണം തിരികെ നൽകിയെങ്കിലും ആർക്കൊക്കെ പണം നൽകിയിട്ടുണ്ടെന്ന് അറിയില്ല. കോന്നിയിലെ ബാങ്കിൽനിന്ന് 30 ലക്ഷം രൂപ പിൻവലിച്ച ശേഷം പണം സ്വീകരിക്കാതെ ബാങ്ക് ജീവനക്കാരുമായി തർക്കമുണ്ടായ സംഭവവും അടുത്തിടെ ഉണ്ടായി. ഇടയ്ക്ക് കുവൈറ്റിൽ വച്ചുണ്ടായ അപകടവും സോണിയെ തളർത്തിയിരുന്നു. മുൻപ് മുംബയിൽ ജോലി ചെയ്യുമ്പോൾ സോണിയെ കാണാതായ സംഭവവും ഉണ്ടായിരുന്നു.