 
കോന്നി : ടൂറിസം ഗ്രാമം പദ്ധതിയിലൂടെ അയ്യായിരം തൊഴിലവസരം സൃഷ്ടിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ ജനപ്രതിനിധികളുടെ മുന്നിൽ അവതരിപ്പക്കുകയായിരുന്നു. ഒരു പഞ്ചായത്തിൽ 2ൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റു കൾ, ഡി.ടി.പി.സി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു, സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പത്ത് വർഷം കൊണ്ട് പൂർത്തീകരിക്കത്തക്ക നിലയിലുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാകുന്നത്. കോന്നി സഞ്ചായത്ത് കടവ്, പ്രമാടം നെടുമ്പാറ, കൂടൽ രാക്ഷസൻ പാറ, സീതത്തോട് ടൂറിസം എന്നീ പദ്ധതികൾ ഡി.ടി.പി.സിയാണ് നടപ്പിലാക്കുന്നത്. ചിറ്റാറിൽ മൺപിലാവ് ട്രക്കിംഗ്, ചതുര കള്ളിപ്പാറ ടൂറിസം പദ്ധതി എന്നിവ നടപ്പിലാക്കും. തണ്ണിത്തോട്ടിൽ അടവി വികസന പദ്ധതിക്കൊപ്പം, മണ്ണീറ വെള്ളച്ചാട്ടത്തിലും പദ്ധതി നടപ്പിലാക്കും. മലയാലപ്പുഴയിൽ കടവുപുഴ ബംഗ്ലാവ് കേന്ദ്രമാക്കി ടൂറിസം പദ്ധതിയും പിൽഗ്രിം ടൂറിസം സർക്യൂട്ടും നടപ്പിലാക്കും. അരുവാപ്പുലം പഞ്ചായത്തിൽ കൊക്കാത്തോട്ടിൽ ക്രാഫ്റ്റ് വില്ലേജും ചെളിക്കുഴി വെള്ളച്ചാട്ടം ടൂറിസം പദ്ധതിയും നടപ്പാക്കും. ഏനാദിമംഗലത്ത് അഞ്ചുമലപാറ ടൂറിസംപദ്ധതിയും വെൽനസ് സോൺ പദ്ധതിയും നടപ്പാക്കും. ജില്ലാകളക്ടർ, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ,ജില്ലാപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ മുൻപാകെയാണ് കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.