പത്തനംതിട്ട: കക്കാട് പവർ ഹൗസിന്റെ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിക്ക് ഈ മാസം 25 വരെ വൈദ്യുതോത്പാദനം നിറുത്തി വച്ചതിനാൽ മൂഴിയാർ ഡാമിലെ ജല നിരപ്പ് ഏതു സമയത്തും പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയർന്നേക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ മൂന്നു ഷട്ടറുകൾ പരമാവധി 30 സെന്റി മീറ്റർ വരെ ഉയർത്തും. ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും. ഓറഞ്ചു ബുക്കിലെ നിർദേശം അനുസരിച്ച് രാത്രികാലങ്ങളിലും തുറക്കാവുന്ന ഡാമുകളുടെ പരിധിയിൽ വരുന്നതാണ് മൂഴിയാർ ഡാം.
കക്കാട്ടാറിൽ 15 സെ.മീ. വരെ ജലനിരപ്പ് ഉയർന്നേക്കാം. ഇരു കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.