പള്ളിക്കൽ : പള്ളിക്കൽ പ്രദേശവാസികൾ കുടിവെള്ളത്തിന് ഇനിയും കാത്തിരിക്കണം. എത്ര നാൾ കാത്തിരിക്കണമെന്ന് മാത്രം ചോദിക്കരുത്. 2017-ആഗസ്റ്റിൽ വെള്ളച്ചിറ മുതൽ പള്ളിക്കൽ പഞ്ചായത്തോഫീസിന് വടക്കുവശം വരെ ജർമ്മൻ ടെക്നോളജിയിൽ റോഡ് ടാർ ചെയ്തപ്പോൾ പൈപ്പുകൾ പൊട്ടിയതാണ്. അന്നുമുതൽ പള്ളിക്കലേക്ക് കുടിവെള്ളമെത്തിയിട്ടില്ല. ആനയടി - കൂടൽ റോഡിന്റെ നിർമ്മാണം പഴകുളം വരെ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുമ്പോൾ കുടിവെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് നാലര വർഷമായി പള്ളിക്കൽ പ്രദേശവാസികൾ കാത്തിരുന്നത്. ഇപ്പോൾ ആനയടി - കൂടൽ റോഡിൽ പഴകുളത്തുനിന്ന് പള്ളിക്കൽ പഞ്ചായത്തോഫീസിന് വടക്കുവശം വരെ പൈപ്പിടീൽ നടന്നു കഴിഞ്ഞു. ജർമ്മൻ ടെക്നോളജി ഉപയോഗിച്ച് ടാർ ചെയ്ത ഭാഗത്ത് പൈപ്പിടാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിട്ടില്ലന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. ഈ ഭാഗത്ത് പൈപ്പിടാതെ പള്ളിക്കലേക്ക് കുടിവെള്ളമത്തില്ല. എന്നു പൈപ്പിടുമെന്നോ എന്ന് ഫണ്ട് അനുവദിക്കുമെന്നോ എത്ര നാൾ കാത്തിരിക്കണമെന്നോ എന്നതിനൊന്നും ഒരുത്തരവുമില്ല.
2500 കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നം
വരൾച്ച കൂടിവരുന്ന സാഹചര്യത്തിൽ ആദ്യമേ തന്നെ കുടിവെള്ളക്ഷാമം അഭവപെടുന്ന പ്രദേശമാണ് പള്ളിക്കൽ . അഞ്ച് കിലോമീറ്റർ ദൂരത്തിൽ 2500ൽ അധികം കുടുംബങ്ങളെ ബാധിക്കുന്ന വലിയ പ്രശ്നമാണിത്. നാലര വർഷമായി കുടിവെള്ളക്ഷാമമനുഭവപെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഫല പ്രദമായ കുടിവെള്ള പദ്ധതി പോലുമില്ലാത്ത പള്ളിക്കലിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്.