 
പത്തനംതിട്ട : സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാൾ റോഡിൽ അറ്റകുറ്റപ്പണി നടന്നിട്ട് വർഷങ്ങൾ. നിരവധി വാഹനങ്ങൾ പോകുന്ന ഈ റോഡിൽ കുണ്ടും കുഴിയുമാണ്. ഓട നിറയെ കാടും മാലിന്യവുമായി വൃത്തിഹീനമാണ് ഈ റൂട്ട്. ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. നഗരസഭയിലെ 29-ാം വാർഡാണിത്. വിവിധ ഷോറൂമുകൾ സ്ഥാപനങ്ങൾ എന്നിവ ഈ റോഡിന് സമീപം പ്രവർത്തിക്കുന്നതിനാൽ നിരവധിപ്പേർ കാൽനടയാത്രയ്ക്കും ഉപയോഗിക്കുന്നുണ്ട്. ടിപ്പറുകളുടെ പാച്ചിൽ വേറെ. സ്റ്റേഡിയം ജംഗ്ഷനിലെ ട്രാഫിക് ഒഴിവാക്കാൻ വാഹനങ്ങളിലധികവും ഈ റോഡാണ് ഉപയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടവും ഗതാഗത തടസവും ഉണ്ടാകാറുണ്ട്. പൊതുവെ വീതി കുറഞ്ഞ റോഡായതിനാൽ ഇരുവശത്തുകൂടിയും തോന്നിയപോലെയാണ് ഗതാഗതം
തെരുവു വിളക്കും പ്രകാശിക്കുന്നില്ല
രാത്രിയിൽ ഇവിടങ്ങളിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് യാത്രക്കാരെയും പ്രദേശവാസികളേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. റോഡിലെ സ്ഥിതി ബന്ധപ്പെട്ട അധികാരികളെ ധരിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കോളേജ് റോഡിൽ നിന്നും തിരിഞ്ഞെത്തുന്ന റോഡായതിനാൽ ആ റോഡിൽക്കൂടി നിരവധി വിദ്യാർത്ഥികൾ നടന്നും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കാറുണ്ട്. ഇടയ്ക്കിടെയുള്ള വലിയ കുഴികളിൽ കോളജ് വിദ്യാർത്ഥികളും വീണ് പരിക്കേൽക്കാറുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യവും ഏറെയാണ്. ജനപ്രതിനിധികൾ ഈ വഴി തിരിഞ്ഞ് നോക്കാറേ ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഓടകൾ കാടുമൂടി
സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാൾ റോഡ് തകർന്ന് കിടക്കുന്നതോടൊപ്പം സമീപത്തെ ഓടകളും കാട് മൂടിയ നിലയിലാണ്. വള്ളി പടർപ്പ് നിറഞ്ഞ് ഓടകളിൽ പ്ലാസ്റ്റിക് മാലിന്യ കിറ്റുകളും ചെളി മണ്ണും അടഞ്ഞിരിക്കുകയാണ്. മഴപെയ്യുമ്പോൾ ഓടയ്ക്ക് പുറത്ത് കൂടെയാണ് ഈ റോഡിൽ വെള്ളം പോകുന്നത്. ചെറിയ മഴയ്ക്ക് പോലും ഇവിടം കുളമാകാറുണ്ട്. ഭക്ഷണമടക്കമുള്ള നിരവധി മാലിന്യങ്ങൾ ഓടയിൽ നിറഞ്ഞിട്ടുണ്ട്.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ സ്റ്റേഡിയം ജംഗ്ഷനിലെ തിരക്കിൽപ്പെടാതെ സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാൾ റോഡ് വഴിയാണ് കോളജ് റോഡിൽ പ്രവേശിക്കുന്നത്.തിരിച്ച് ഓമല്ലൂർക്ക് പോകുന്നതും ഇതേ വഴിയിലൂടെയാണ്.
റോഡിൽ കുണ്ടും കുഴിയും, മാലിന്യം വേറെ