പ്രമാടം : പത്തനംതിട്ട -പ്രമാടം - പൂങ്കാവ് - കോന്നി റൂട്ടിൽ ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. നിറുത്തലാക്കിയ എല്ലാ സർവീസുകളും ഉടൻ തുടങ്ങണമെന്നും വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ രീതിയിൽ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാർ എം.എൽ.എയ്ക്കും പ്രമാടം, കോന്നി ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട നഗരസഭാ അധികൃതർക്കും നിവേദനം നൽകും. അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ കോന്നി എ.ടി.ഒ, പത്തനംതിട്ട ഡി.ടി.ഒ ഓഫീസുകൾക്ക് മുന്നിലും എം.എൽ.എ ഓഫീസിന് മുന്നിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

കൊവിഡ് അതിവ്യാപനത്തെ തുടർന്നുണ്ടായ കർശന നിയന്ത്രണങ്ങളെ തുടർന്നാണ്

ഈ റൂട്ടിലെ ഏഴ് ചെയിൻ സർവീസുകൾ ഒന്നര വർഷം മുമ്പ് താത്കാലികമായി നിറുത്തിയത്. നിയന്ത്രണങ്ങളിൽ ഇളവുവരുമ്പോൾ ഇവ ഘട്ടംഘട്ടമായി പുന:രാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന് പറയുമ്പോഴും ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സർവീസുകളാണ് നിറുത്തലാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാനാണ് ഡിപ്പോ അധികൃതർ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സർവീസുകൾ അട്ടിമറിച്ചതെന്ന് ആക്ഷേപമുണ്ട്.

കിലോമീറ്ററുകൾ ചുറ്റി യാത്രചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ. വിദ്യാർത്ഥികൾക്ക് കെ.എസ്. ആർ.ടി.സിയിൽ മാത്രമാണ് യാത്രാ കൺസെഷൻ ലഭിക്കുന്നത്. സ്വകാര്യ ബസുകൾക്ക് ഫുൾ ചാർജ്ജ് നൽകേണ്ടിവരും. പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്ന് സ്കൂൾ സമയങ്ങളിൽ പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുമെന്ന് മന്ത്രി ഉൾപ്പടെയുള്ളവർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

ദൂര സ്ഥലങ്ങളിൽ നിന്ന് കോന്നി ഗവ. മെഡിക്കൽ കോളേജിൽ പോകുന്നതിന് പത്തനംതിട്ടയിൽ എത്തുന്നവർക്കും കിഴക്കൻ മലയോര മേഖലയിൽ നിന്നുള്ളവർക്ക് കോന്നിയിൽ എത്തിയ ശേഷം പത്തനംതിട്ടയിലേക്ക് പോകുന്നതിനും തിരികെ എത്തുന്നതിനും ഏറെ പ്രയോജനകമായിരുന്നു ഈ സർവീസുകൾ.