 
തിരുവല്ല: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിവിധ മേഖലകളിൽ പഠനങ്ങളുംസെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാനുമായി രൂപീകരിച്ച തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഉദ്ഘാടനം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു. പ്രസിഡന്റ് സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ നിർവഹിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് മാദ്ധ്യമപ്രവർത്തകൻ വർഗീസ് സി.തോമസിന് പ്രഥമ വെൽഫെയർ അവാർഡ് നൽകി. തഹസിൽദാർ ജോൺ വർഗീസ് ലോഗോ പ്രകാശനം നിർവഹിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജും സൊസൈറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം ബിലീവേഴ്സ് മെഡിക്കൽകോളജ് അഡീഷണൽ വൈസ് പ്രിൻസിപ്പൽ ഡോ.ജോം സി.ജോർജ് നിർവഹിച്ചു.ആലുക്കാസ് ഗ്രൂപ്പ് സംഭാവന ചെയ്ത ഡയാലിസിസ് കിറ്റുകളുടെയും വീൽചെയറിന്റെയും വിതരണം ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ നിർവഹിച്ചു. വേങ്ങൽ പി.കെ.മാത്യു മെമ്മോറിയൽ ചികിത്സാ സഹായനിധി ജോഷ് സജി മാത്യു കൈമാറി.ഭാസ്കരൻ നായർ മെമ്മോറിയൽ ചികിത്സാ സഹായനിധി വള്ളംകുളം എൻ.എസ്.എസ് ആയുർവേദ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ബി.ഹരികുമാർ കൈമാറി.സൊസൈറ്റി ജനറൽസെക്രട്ടറി വിജയകുമാർ മണിപ്പുഴ,വൈസ് പ്രസിഡന്റുമാരായ ആർ.ജയകുമാർ,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ,ട്രഷറർ വിനോദ് തിരുമൂലപുരം, വൈസ് പ്രസിഡന്റ് ലാൽ നന്ദാവനം,സെക്രട്ടറിമാരായ ജോ ഇലഞ്ഞിമൂട്ടിൽ,ശ്രീകുമാർ കൊങ്ങരേട്ട്,അഡ്വ.കെ.ജി.രതീഷ് കുമാർ, മോഹൻ അയിരൂർ,നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ്, ശ്യാം ചാത്തമല എന്നിവർ പ്രസംഗിച്ചു.