 
പത്തനംതിട്ട: നഗരസഭ 16, 18 വാർഡുകളിലെ പള്ളിപ്പടി മുക്കടപ്പുഴ റോഡ്, പ്ലാവേലി റോഡ്, പുരയിടത്തിൽ പടി, മാമ്പറ പടി, കാക്ക തോട്ടം എന്നീപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് ആത്മഹത്യാ ഭീഷണി മുഴക്കി. കുപ്പിയിൽ മണ്ണെണ്ണയുമായി അസിസ്റ്റന്റ് എൻജിനീയറുടെ ഒാഫീസിലെത്തി തീകാെളുത്തി ആത്മഹത്യചെയ്യുമെന്നായിരുന്നു ഭീഷണി. പ്രതിഷേധത്തിൽ കൗൺസിലർമാരായ ലാലി രാജു, സുജ അജി, വിമല ശിവൻ എന്നിവർ പങ്കെടുത്തു. ഉടൻതന്നെ പൈപ്പുകൾ ശരിയാക്കി ജലവിതരണം സുഗമമാക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.16,17,18 വാർഡുകളിലെ മൈലാടുംപാറ, തുണ്ടുവിള പടി, പനം തോപ്പ് കോളനി, അയത്തിൽപടി ഭാഗം, പള്ളികുഴി, കുമ്പഴക്കുഴി, പരുത്തിയാനിക്കൽ എന്നിവിടങ്ങളിലും മാസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. നിരവധി തവണ പരാതിപറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലായെന്ന് ജെറി അലക്‌സ് പറഞ്ഞു.