പന്തളം: പന്തളം നഗരസഭാ ചെയർപേഴ്‌സൺ അഴിമതി കാട്ടിയതായി ആരോപിച്ച് നഗരസഭാ കൗൺസിലിൽ ബഹളം. തെരുവുവിളക്ക് അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങൾക്ക് അടൂരിലുള്ള ഒരു ഏജൻസിക്ക് ടെൻഡർ നൽകിയിരുന്നു. ഇത് ഗുണനിലവാരമില്ലാത്തതാണെന്നും നല്ലസാധനങ്ങൾ നൽകിയില്ലെങ്കിൽ എജൻസിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം മറികടന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി പോലും അറിയാതെ ചെയർപേഴ്‌സൺ ഏജൻസിക്കു പണം നൽകിയെന്നാണ് പരാതി. അനധികൃതമായി പ്രവർത്തിക്കുന്നതിന്റെ പേരിൽ മുൻ സെക്രട്ടറി നോട്ടീസ് നൽകിയ പെട്രോൾ പമ്പുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് പിന്നിലും അഴിമതിയുണ്ടെന്ന് ആരോപിച്ചു. പദ്ധതി അവസാനിക്കാൻ രണ്ടരമാസം മാത്രം ബാക്കിനിൽക്കെ പതിനാലു ശതമാനം മാത്രമാണ് പദ്ധതി നിർവഹണം നടന്നിട്ടുള്ളത് തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു.

ഭരണകക്ഷിയംഗമായ കിഷോർ കുമാറും ചെയർപേഴ്സണെതിരെ രംഗത്തെത്തി. 'തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നഗരസഭാ കവാടത്തിൽ ധർണ നടത്തി. യു.ഡി.എഫ് കൗൺസിലർ പന്തളം മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി. എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ ഉദ്ഘാടനം ചെയ്തു. യു ഡി .എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ ,കൗൺസിലർമാരായ രാജേഷ് കുമാർ ,കെ. ആർ .രവി ,ശോഭനകുമാരി.സക്കീർ റ്റി.കെ സതി 'സുനിതാ വേണു ,അജിതകുമാരി, രത്‌നമണി സുരേന്ദ്രൻ ,അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.