ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു പുറത്തു നിന്നുള്ള ആനയെ തിടമ്പുമാറ്റി എഴുന്നെള്ളിക്കുന്നത് ഒഴിവാക്കിയത് ദേവഹിതമനുസരിച്ചാണെന്ന് ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്റ് എസ്.വി പ്രസാദ് പത്രസമ്മേളനത്തിൽ അറിയിച്ചു. മറ്റു വഴിപാടുകൾ എല്ലാം തന്നെ നടത്താനും അനുമതി കിട്ടിയിരുന്നു. ഭക്തിനിർഭരമായ ഉത്സവം 23-ാം ദിവസം പിന്നിടുമ്പോൾ ഉപദേശക സമിതിയെയും, ഉത്സവ കമ്മിറ്റിയെയും അപകീർത്തിപ്പെടുത്താൻ സൗഹൃദകൂട്ടായ്മ എന്ന പേരിൽ ചിലർ രംഗത്തു വന്നിരുന്നു. പുറത്തു നിന്നുള്ള ആനയെ ഒഴിവാക്കണമെന്നുകാട്ടി 10-ാം തീയതി ദേവസ്വം ബോർഡും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എഴുന്നെള്ളത്തിൽ നിന്നും പിന്മാറിയതായി കാട്ടി കൂട്ടായ്മ ഭാരവാഹികളും കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. കൊവിഡ് സാഹചര്യത്തിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ക്ഷേത്രകലകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി ആചാരപരമായ ചടങ്ങുകളുമായി ഉത്സവം മുന്നോട്ടു പോവുകയാണ്. തുടർന്നുള്ള ദിവസങ്ങളിലും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഉത്സവം നടത്താൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥ്ിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു. പത്രസമ്മേളനത്തിൽ ഉപദേശകസമിതി സെക്രട്ടറി കെ.കെ.വിനോദ്കുമാർ, ജനറൽ കൺവീനർ ഷൈജു വെളിയത്ത് എന്നിവരും പങ്കെടുത്തു.