 
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയ വയോധികയുടെ മാലകൾ കവർന്ന കേസിൽ എണ്ണക്കാട് വസുദേവ ഭവനിൽ ബിനുക്കുട്ടൻ (33)നെ പൊലീസ് അറസ്റ്റുചെയ്തു. ക്ഷേത്രദർശനം കഴിഞ്ഞ് വടക്കേ നടയിലെ പുത്തൻവീട്ടിൽപ്പടി റോഡിലൂടെ വീട്ടിലേക്ക് മടങ്ങിയ മേലത്തേതിൽ ലളിതാഭായി (68) യുടെ രണ്ട് സ്വർണ മാലകളാണ് ഇയാൾ അപഹരിച്ചത്. ലളിതാഭായിയുടെ പിറകിലൂടെയെത്തി ഇവരുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ലളിതാഭായിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി. ഇതോടെ ബിനുക്കുട്ടൻ മാല വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സംഭവസ്ഥലത്ത് ഇരുട്ടായിരുന്നതിനാലും ഇയാളുടെ കൈവശം മാല ഇല്ലാതിരുന്നതിനാലും മോഷ്ടാവാണെന്ന് ഇന്നലെ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്ര് രേഖപ്പെടുത്തിയത്. തെരച്ചിലിൽ രുദ്രാക്ഷത്തിൽ സ്വർണം കെട്ടിയ ഒരു മാല സംഭവസ്ഥലത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന അവിവാഹിതനായ ഇയാൾ മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു