 
പത്തനംതിട്ട : അശാസ്ത്രീയമായി നിർമ്മിച്ച കരിമ്പനാക്കുഴി റോഡ് വാഹന യാത്രക്കാരേയും കാൽനടയാത്രക്കാരെയും ഒരു പോലെ വലയ്ക്കുന്നു. റോഡിന്റെ മദ്ധ്യേ മാത്രമാണ് ടാറിംഗ്. ഇരുവശങ്ങളിലും ടാർ ചെയ്തിരിക്കുന്നത് പൂർണമായിട്ടില്ല. വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർ കല്ലുകൾ നിറഞ്ഞ വശങ്ങളിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഒരാൾ നടന്നു പോയാൽ പോലും വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയില്ല. നഗരസഭ 29-ാം വാർഡിലാണ് ഈ റോഡ്.
വശങ്ങളിലെയും റോഡിലെയും കുഴിയിൽ വീണ് യാത്രക്കാരുടെ നടുവൊടിയുകയാണ്. ജില്ലയിൽ റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ഇ - ടെൻഡർ വിളിച്ചെങ്കിലും ആരും ഈ റോഡിന്റെ പണി ഏറ്റെടുക്കാൻ തയാറായിട്ടില്ല. ബന്ധപ്പെട്ട ജനപ്രതിനിധി ഈ വിവരം അറിഞ്ഞ മട്ടില്ല. ഇതേ വാർഡിലെ സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാൾ റോഡും ഇതിൽപ്പെടും. ഈ രണ്ട് റോഡുകളും പൂർണമായി തകർന്ന നിലയിലാണ്. ഓമല്ലൂർ, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് നഗരത്തിൽ നിന്ന് എളുപ്പം പ്രവേശിക്കാവുന്ന റോഡാണിത്.
ഓടകളിൽ മാലിന്യം
ഈ റോഡിനോട് ചേർന്ന ഓടകളിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. കരിമ്പനാക്കുഴി റോഡിൽ ഓടകൾക്ക് ആവശ്യമായ സ്ഥലം പോലുമില്ലാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. മഴപെയ്യുമ്പോൾ ഈ റോഡ് നിറയെ വെള്ളമാകും. റോഡിലെ ടാറും മഴയിൽ ഇളകി പോകും. നിരവധി പരാതികൾ പറഞ്ഞിട്ടും ജനപ്രതിനിധി ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
................
എതിർവശത്ത് നിന്ന് വാഹനങ്ങൾ വന്നാൽ ഈ റോഡിൽ കടന്നു പോകാൻ കഴിയില്ല. കാൽനടയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യവുമില്ല. അടിയന്തരമായി റോഡിന് വീതി കൂടി അറ്റകുറ്റപ്പണി നടത്തണം.
(പ്രദേശവാസി)
...............
.നഗരസഭ 29-ാം വാർഡിലെ റോഡ്
.അറ്റകുറ്റപ്പണി നടത്തിയിട്ട് നാളുകൾ
.അധികൃതർ തിരിഞ്ഞു നോക്കുന്നില്ല