കോന്നി: ടൗണിലെത്തുന്ന പൊതുജനങ്ങൾക്ക് ടോയ്ലറ്റ് സൗകര്യമില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധി മുട്ടുന്നതായി പരാതി. പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റുകൾ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കഴിഞ്ഞ ആഴ്ച പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമരം നടത്തിയിരുന്നു. തുടർന്ന് ടോയ്ലെറ്റുകൾ തുറന്നു പ്രവർത്തിപ്പിക്കാനായി പണികൾ നടത്തിയെങ്കിലും തുറന്നു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ പ്ലംമ്പിംഗ് സംവിധാനത്തിലുണ്ടായ തകരാറുകൾ ഇതുവരെ പരിഹരിക്കാനും കഴിഞ്ഞിട്ടില്ല. നാരായണപുരം മാർക്കറ്റിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ടോയ്ലെറ്റുകൾ പണിതെങ്കിലും ഇത് മാർക്കറ്റിലെ കച്ചവടക്കാർ മാത്രമാണ് ഉപയോഗിക്കുന്നത്. മുൻപ് ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഇ ടോയ്‌ലെറ്റ് തുറന്നുകൊടുക്കാനാവാതെ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണ്. മലയോരമേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, മറ്റു പ്രദേശങ്ങളിൽ നിന്നും കോന്നിയിലെത്തുന്നവർക്ക് ടോയ്‌ലറ്റ് സംവിധാനം ശുചിമുറി സൗകര്യങ്ങൾ ലഭ്യമല്ല. ബന്ധപ്പെട്ടവർ പൊതുജനങ്ങൾക്കായി ടൗണിൽ ടോയ്‌ലെറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.