പത്തനംതിട്ട : രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ പത്തനംതിട്ട നഗരസഭ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചുതുടങ്ങി. എട്ടാം വാർഡിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ് പങ്കെടുത്തു.
കുടിവെള്ളം ടാങ്കറിൽ എത്തിച്ചുനൽകാൻ നഗരസഭയ്ക്ക് നിലവിൽ സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല. ജലവിഭവ വകുപ്പിന്റെ പ്‌ളാന്റിൽ ചെളിനീക്കുന്ന ജോലി പൂർത്തിയാകാൻ 10 ദിവസംകൂടി വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് വിതരണം ആരംഭിച്ചത്. നഗരസഭാ ചെയർമാൻ നൽകിയ മുൻകൂർ അനുമതി നഗരസഭാ കൗൺസിൽ ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ എട്ടു വർഷത്തിലധികമായി പ്ലാന്റിൽ അടിഞ്ഞുകൂടിയ ചെളി നീക്കംചെയ്യുന്നതിൽ വാട്ടർ അതോറിറ്റി അനാസ്ഥകാട്ടുകയാണെന്ന് കൗൺസിൽ ആരോപിച്ചു.