dg
ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവെയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഓമല്ലൂർ വില്ലേജിൽ നിർവഹിച്ചപ്പോൾ

പത്തനംതിട്ട: ജില്ലയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവെയ്ക്ക് ഒാമല്ലൂർ വില്ലേജിൽ തുടക്കമായി. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. സർവെ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡെപ്യൂട്ടി ഡയറക്ടർ എൻ.ബി. സിന്ധു, സർവെ ഓഫ് ഇന്ത്യ റീജണൽ ഡയറക്ടർ പി.വി. രാജശേഖരൻ, പത്തനംതിട്ട റീസർവെ അസിസ്റ്റന്റ് ഡയറക്ടർ ഇൻചാർജ് ടി.പി. സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.

സർവെ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തിൽ സർവെ ഒഫ് ഇന്ത്യയാണ് ഡ്രോൺ ഉപയോഗിച്ചുള്ള സർവേ നടത്തുന്നത്. കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോൺ സർവേയ്ക്കായി തിരഞ്ഞെടുത്തത്. കോഴഞ്ചേരി താലൂക്കിലെ ഇലന്തൂർ, ഓമല്ലൂർ, കോഴഞ്ചേരി, ചെന്നീർക്കര വില്ലേജുകളിലാണ് ആദ്യ ഘട്ടമായിസർവേ നടത്തുന്നത്. റാന്നി താലൂക്കിൽ അത്തിക്കയം, ചേത്തക്കൽ, പഴവങ്ങാടി വില്ലേജുകളിലും, കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, പ്രമാടം, കോന്നിതാഴം, തണ്ണിത്തോട് വില്ലേജുകളിലും ആദ്യഘട്ടമായി സർവേ നടത്തും. ഡ്രോൺ ഉപയോഗിച്ച് ആദ്യഘട്ടമായി ഓപ്പൺ സ്‌പെയിസ് ഏരിയയാണ് സർവേ ചെയ്യുന്നത്. ഡിജിറ്റൽ ഭൂസർവേയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് 20 ശതമാനവും, കോർസ് വിത്ത് ആർ.ടി.കെ ഉപകരണത്തിലൂടെ 60 ശതമാനവും, ടോട്ടൽ സ്റ്റേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് 20 ശതമാനവും സർവേ നടത്തും. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ മാപ്പിംഗ് അഞ്ച് വർഷംകൊണ്ട് പൂർണമാകുന്നതോടെ വില്ലേജ്, രജിസ്‌ട്രേഷൻ, ഭൂസർവേ വകുപ്പുകളുടെ രേഖകൾ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ സംയോജിപ്പിക്കും.

വസ്തു ഉടമകൾ പദ്ധതി പ്രദേശത്തെ എല്ലാ വസ്തുക്കളുടെയും അതിർത്തികൾ ഡ്രോൺ സർവേയ്ക്ക് അനുയോജ്യമായ വിധം ക്രമീകരിക്കണം. അതിരടയാളങ്ങൾ സ്ഥാപിച്ച് ആകാശക്കാഴ്ചയ്ക്ക് തടസമാകുന്ന മരച്ചില്ലകളും മറ്റും നീക്കംചെയ്യണം. ഡ്രോണിലെ കാമറയ്ക്ക് ഒപ്പിയെടുക്കാൻ കഴിയുംവിധം കൃത്യമായി മനസിലാക്കാൻ നീളത്തിൽ ചുടുകല്ലുകളോ സിമന്റ് കല്ലുകളോ അടുക്കിവയ്ക്കണം. ഫോറം ഒന്ന് എ കൃത്യമായി പൂരിപ്പിച്ച് സർവേ ഉദ്യോഗസ്ഥർക്ക് നൽകണം.

സർവെയുടെ പ്രയോജനം

ഭൂമി സംബന്ധമായ രേഖകൾക്ക് കൃത്യതയും സുതാര്യതയും ഉണ്ടാകും. റവന്യൂ, രജിസ്‌ട്രേഷൻ, സർവേ സേവനങ്ങൾ ഒരുമിച്ചു ലഭ്യമാകും. ഭൂമി സംബന്ധിച്ച വിവരങ്ങൾ ഏളുപ്പത്തിൽ ലഭിക്കാനും അപേക്ഷ വേഗത്തിൽ തീർപ്പാക്കാനും ആവശ്യങ്ങൾക്ക് പല ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാനും സഹായിക്കും. ഡോക്യുമെന്റേഷൻ ജോലികൾ എളുപ്പത്തിൽ നടക്കും. ഡിജിറ്റൽ സർവെ രേഖകൾ നിലവിൽ വരുന്നതോടെ നിലവിലുള്ള സർവെ നമ്പർ, സബ് ഡിവിഷൻ നമ്പർ, തണ്ടപ്പേർ നമ്പർ എന്നിവ കാലഹരണപ്പെടും. ഭൂമിയിലെ കൈവശങ്ങൾക്കും നിലവിലെ നിയമങ്ങൾക്കും അനുസൃതമായി പുതിയ നമ്പർ നൽകും. റവന്യൂ, രജിസ്‌ട്രേഷൻ, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയവയിൽ നിന്നുള്ള സേവനങ്ങൾ കാലതാമസം കൂടാതെ ലഭിക്കാൻ സഹായകരമാകും.