ശബരിമല: ദർശനത്തിനെത്തിയ തീർത്ഥാടകനെ കാണാതായതായി പരാതി. പാലക്കാട് മാണിക്കച്ചേരി സ്വദേശി തങ്കമണി(62)യെയാണ് കാണാതായത്. കഴിഞ്ഞ ഒമ്പതിന് പാലക്കാടുനിന്നുള്ള സംഘത്തിനൊപ്പം കാൽനടയായാണ് സന്നിധാനത്ത് എത്തിയത്. സന്നിധാനത്ത് തങ്ങിയ സംഘം രാവിലെ നോക്കിയപ്പോൾ തങ്കമണിയെ കാണാനില്ലായിരുന്നു. സന്നിധാനം പൊലീസിൽ വിവരം അറിയിച്ചശേഷം തീർത്ഥാടകസംഘം തിരികെ നാട്ടിലെത്തി. തങ്കമണി നാട്ടിൽ തിരികെ എത്തിയിട്ടില്ലെന്നുകാട്ടി ഭാര്യ സരോജിനിയാണ് സന്നിധാനം പൊലീസിന് പരാതി നൽകിയത്. അനേഷണം ആരംഭിച്ചതായി സന്നിധാനം എസ്.ഐ. അനൂപ് പറഞ്ഞു.