പത്തനംതിട്ട: കെ റെയിൽ പദ്ധതിക്ക് ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനമിറങ്ങി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം ഇവ ഉറപ്പാക്കുന്നതിനുള്ള
അവകാശ നിയമമനുസരിച്ചാണ് നപടികൾ. കളമശേരി രാജഗിരി എൻജിനിയറിംഗ് കോളേജ് യൂണിറ്റാണ് പഠനം നടത്തുക. വിജ്ഞാപനം ഇറങ്ങിയതോടെ അതിരിടയാള കല്ലിടീൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
അടുത്ത ഘട്ടമായാണ് സാമൂഹികാഘാത പഠനം. ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സർക്കാർ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എത്ര, ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിർദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹിക ആഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവുകൾ എന്നിവ പഠനവിഷയത്തിലുണ്ട്.
സാമൂഹിക ആഘാത പഠനത്തിന്റെ കരട് പ്രസിദ്ധീകരിച്ച ശേഷം പൊതു ചർച്ച നടത്തും. ചർച്ചയിൽ പദ്ധതി ബാധിതർക്ക് തങ്ങളുടെ വാദം അവതരിപ്പിക്കാം. അതിനുശേഷമാണ് അന്തിമ റിപ്പോർട്ട് തയാറാക്കുക. അന്തിമ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം റിപ്പോർട്ട് പ്രസിദ്ധീകരിക്കും. ഇതെല്ലാം പരിഗണിച്ച ശേഷമേ സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂവെന്ന് പറയുന്നു.
44.7170 ഹെക്ടർ ഏറ്റെടുക്കും
കടമ്പനാട്, പള്ളിക്കൽ, പന്തളം, ആറന്മുള, കല്ലൂപ്പാറ, കുന്നന്താനം, ഇരവിപേരൂർ, കവിയൂർ, കോയിപ്രം വില്ലേജുകളിലായി ജില്ലയിൽ 44.7170 ഹെക്ടർ സ്ഥമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരിക. ഇതിന്റെ സർവേ നമ്പറുകൾ അടക്കം ഗസറ്റ് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്.