മല്ലപ്പള്ളി​ : കരക്കാരുടെ സാന്നിദ്ധ്യത്തിൽ കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് ചൂട്ടുവച്ചു. കുളത്തൂർകരയിൽ താഴത്തുവീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽകരയിൽ പുളിക്കൽകൊട്ടാരത്തിൽ സുരേഷ് കുമാറുമാണ്​ ചൂട്ടു വച്ചത്. കരക്കാരുടെ അനുവാദം തേടി 28 പടയണിക്ക് ചൂട്ടുവപ്പോൾ കരകൾ ആവേശത്തിമിർപ്പിലായി.
31ന് ക്ഷേത്രത്തിൽ എട്ടുപടയണിക്ക് ചൂട്ടുവയ്ക്കും. ഫെബ്രുവരി 1ന് ചൂട്ടു വലത്തുനടക്കും. 2,3 തീയതികളിൽ ഗണപതികോലവും 4,5 തീയതികളിൽ അടവിയും 6,7തീയതികളിൽ വലിയ പടയണിയും നടക്കും. പടയണിയുടെ സുഗമമായ നടത്തിപ്പിനായി ആർ.ഡി.ഒയുടെയും എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ ഏകോപന സമിതി യോഗം 19ന് മല്ലപ്പള്ളി താലൂക്ക് ഓഫീസിൽ ചേരും. വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും അടക്കമുള്ള എല്ലാ ചടങ്ങുകളും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുമെന്ന് കുളത്തൂർ പടയണി കമ്മിറ്റി പ്രസിഡന്റ് കരുണാകരൻ നായർ , ജനറൽ സെക്രട്ടറി ടി.എ.വാസുക്കുട്ടൻ, ഖജാൻജി രതീഷ് ചളുക്കാട്ട്, സെക്രട്ടറി കെ.കെ.ഹരികുമാർ , കോട്ടാങ്ങൽ പടയണി കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ നെടുമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ കൃഷ്ണ കാരയ്ക്കാട്ട് , ഖജാൻജി​ സുരേഷ് കുമാർ കുളയാംകുഴി , ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി ടി. സുനിൽ താന്നിയ്ക്കപ്പൊയ്ക എന്നിവർ അറിയിച്ചു.