vidhyavanam
വിദ്യാവനത്തിന് മുമ്പിൽ അദ്ധ്യാപിക കണിമോളോടൊപ്പം വിദ്യാർത്ഥികൾ

പത്തനംതിട്ട : സ്കൂൾമുറ്റത്തെ മിയാവാക്കി വിദ്യാവനത്തിലെ 111 ഔഷധസസ്യങ്ങളെ നട്ടുവളർത്തിയ കുട്ടികൾ അവയുടെ പ്രാധാന്യം വിശദീകരിച്ച് പുസ്തകമൊരുക്കി.

അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ക്ലബിലെ

അമൽദേവ്, ആർ. ഗ്രീഷ്മ, ബി .അബിത, ദിയ ഫാത്തിമ, ആർ. ദിയ, ജെമി ജേക്കബ്, നികിത പ്രഭാകർ, എസ്. പവിത്ര, ടി.എസ് സിതാര, ടിന്റു കുഞ്ഞുമോൻ എന്നിവരാണ് പുസ്തകത്തിന് പിന്നിൽ.

അദ്ധ്യാപികയും കവിയുമായ കണിമോൾ എഡിറ്റുചെയ്ത പുസ്തകം ആയുർവേദരംഗത്തേക്കുള്ള വേറിട്ട സംഭാവനയായി . കുട്ടികളെഴുതിയ ചെറിയ കൈപുസ്തകമായിരുന്നു ഇത് ആദ്യം . പിന്നീട് 1000 കോപ്പികൾ അച്ചടിക്കുകയായിരുന്നു. ചിത്രകാരൻ മുരളി നാഗപ്പുഴയാണ് കവർചിത്രം വരച്ചത്.

കഴിഞ്ഞവർഷം ആയുർവേദ ഡോക്ടർമാർ, പ്രൊഫസർമാർ, വൈദ്യൻമാർ എന്നിവരോട് അന്വേഷിച്ചായിരുന്നു കുട്ടികൾ വിവരങ്ങൾ ശേഖരിച്ചത്. കോന്നി ഡി.എഫ്.ഒ കെ.എൻ ശ്യാംമോഹൻ ലാൽ , കോന്നി ഇക്കോ ടൂറിസം സെക്ഷൻ ഓഫീസർ ടി.എസ് ദിലീപ് , വനംവകുപ്പ് ഉദ്യോഗസ്ഥർ, സോഷ്യൽ ഫോറസ്ട്രി വിഭാഗം, സ്കൂൾ പ്രിൻസിപ്പൽ സജി വറുഗീസ് എന്നിവരുടെ സഹായത്തോടെയായിരുന്നു പ്രവ‌ർത്തനം. ത്രിഫല, നാല്പാമരം, ദശപുഷ്പങ്ങൾ എന്നിവയടക്കം 111 ഔഷധസസ്യങ്ങളുടെ വിവരണങ്ങൾ പുസ്തകത്തിലുണ്ട്.

മിയാവാക്കി വിദ്യാവനം

ജപ്പാൻ സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി സ്വാഭാവിക വനം സൃഷ്ടിക്കാനായി തയ്യാറാക്കിയ മാതൃകയാണ് മിയാവാക്കി വനം. ഒരുമീറ്റർ സ്ക്വയർ ഭൂമിയിൽ ഒരു വൻമരം, രണ്ട് ചെറുമരം രണ്ട് സസ്യങ്ങൾ എന്നിങ്ങനെയാണ് നടുക. സംസ്ഥാനത്ത് വനംവകുപ്പ് ഒരുക്കിയ ആദ്യ മിയാവാക്കി വിദ്യാവനം സ്കൂളിലാണ്. വനംവകുപ്പിന്റെയും സ്കൂളിലെ ഫോറസ്ട്രി ക്ലബിന്റെയും നേതൃത്വത്തിൽ അഞ്ച് സെന്റ് സ്ഥലത്താണ് വനം. 118 ഇനങ്ങളിലുള്ള 430 ഓളം വിവിധ സസ്യങ്ങൾ വിദ്യാവനത്തിലുണ്ട്. നിരവധി വൃക്ഷങ്ങളുള്ള സ്കൂളിന് 2019ലെ വനമിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

" കുട്ടികളുടെ രചനയെ മനോഹരമായി എഡിറ്റുചെയ്ത് അവതരിപ്പിച്ച പുസ്തകമാണിത്. വനം വകുപ്പിന് തന്നെ അഭിമാനമാണ്. സ്കൂളിലെ വിദ്യാവനം സംരക്ഷിക്കുന്നതും ഈ വിദ്യാർത്ഥികളാണ്. "

കെ.എൻ ശ്യാം മോഹൻലാൽ

കോന്നി ഡി.എഫ്.ഒ