 
പത്തനംതിട്ട : നഗരസഭ ആറാം വാർഡിൽ വാട്ടർ അതോറിറ്റി പൈപ്പിലൂടെ വെള്ളം എത്തിയിട്ട് ആറ് മാസത്തിലേറെയായി. മുണ്ടുകോട്ടയ്ക്കൽ, കൈരളീപുരം, ആടിയാനി ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അൻപതിലേറെ കുടുംബങ്ങളാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്. വാട്ടർ അതോറിറ്റി ഒാഫീസിൽ കൗൺസിലർ ആൻസി തോമസിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പരാതി പറഞ്ഞിട്ടും പരിഹാരമില്ല. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാൻ പോലും തയാറായിട്ടില്ല. സമീപ വാർഡുകളിൽ വാട്ടർ അതോറിറ്റി വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ആറാം വാർഡിനെ തഴയുകയാണ്. മഴക്കാലത്തും പൈപ്പുകളിൽ വെളളം ഉണ്ടായിരുന്നില്ല. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ വറ്റി. ഇവിടെ നാട്ടുകാർ പണം കൊടുത്ത് ടാങ്കുകളിൽ വെള്ളം വാങ്ങുകയാണ്. വല്യയന്തിയിൽ പൊതു കുളം ഉള്ളതുകൊണ്ട് അൽപ്പം ആശ്വാസമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുളത്തിലേക്ക് പൈപ്പുകൾ ഘടിപ്പിച്ച് മോട്ടോർ ഉപയോഗിച്ചാണ് വെള്ളം ശേഖരിക്കുന്നത്. എല്ലാ ദിവസവും പമ്പ് ചെയ്താൽ കുളം വറ്റും. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും ആറാം വാർഡിൽ എത്തിയിട്ടില്ല.
'' നിരുത്തരവാദപരമായ സമീപനമാണ് വാട്ടർ അതോറിറ്റിയുടേത്. പലതവണ പരാതിപ്പെട്ടിട്ടും ഇൗ വാർഡിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നഗരസഭ അടിയന്തരമായി വാർഡിൽ വെള്ളം എത്തിക്കണം.
ആൻസി തോമസ്
(ആറാം വാർഡ് കൗൺസിലർ)
- 50 കുടുംബങ്ങൾ ദുരിതത്തിൽ
-പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ല