പത്തനംതിട്ട: മരിച്ചുപോയ ആളുടെ ട്രഷറിയിലെ പെൻഷൻ അക്കൗണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ അപഹരിച്ച നാല് ജീവനക്കാർക്ക് സസ്പെൻഷൻ. കോന്നി സബ് ട്രഷറി ഓഫീസർ രഞ്ജി കെ. ജോൺ, ജില്ലാ ട്രഷറി സൂപ്രണ്ട് ദേവരാജൻ ,ക്ലാർക്ക് ആരോമൽ, റാന്നി പെരുനാട് സബ്ട്രഷറി ക്ലാർക്ക് സഹീർ മുഹമ്മദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു തട്ടിപ്പ്. ട്രഷറിയിൽ പണം കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ആളുടെ പാസ് വേഡ് ഉപയോഗപ്പെടുത്തിയിരുന്നു തട്ടിപ്പ് നടത്തിയത്.
ഓമല്ലൂരിലുള്ള മരിച്ചുപോയ വയോധികയുടെ പെൻഷൻ അക്കൗണ്ടിലുണ്ടായിരുന്ന എട്ട് ലക്ഷത്തോളം രൂപ അപഹരിച്ചതായാണ് പരാതി. അക്കൗണ്ടിന് അവകാശികളെത്തുന്നില്ലെന്ന് കണ്ടതോടെയാണ് സഹീർ മുഹമ്മദ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇൗ സമയം ജില്ലാ ട്രഷറിയിൽ പുതുതായി എത്തിയ എൽ.ഡി.സി. ജീവനക്കാരന്റെ പാസ് വേർഡ് ഉപയോഗിച്ചാണ് സഹീർ മുഹമ്മദ് തട്ടിപ്പ് നടത്തിയത്. ഇതിൽ പുതിയ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇവരുടെ പണത്തിന്റെ പലിശ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇയാൾ പത്തനംതിട്ടയിൽ നിന്ന് പെരുനാട് സബ് ട്രഷറിയിലേക്ക് സ്ഥലം മാറുകയും ചെയതു. അവിടെയും രണ്ട് ജീവനക്കാരുടെ പാസ് വേഡ് മനസിലാക്കി ഇതേരീതിയിൽ പണം തട്ടി. ഇതിൽ ഒരു ജീവനക്കാരൻ അവധിയിലായപ്പോഴാണ് ക്രമക്കേട് നടത്തിയത്. അവധി കഴിഞ്ഞ് വന്ന ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് ചെക്ക് വയ്ക്കാതെ പണം മാറിയിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഇയാൾ മേലധികാരിയെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടത് പത്തനംതിട്ടയിലാണെന്ന് കണ്ടെത്തി. തുടർന്നാണ് രണ്ടിടത്തും ജോലിയിലുണ്ടായിരുന്ന നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.