 
മല്ലപ്പള്ളി : ആനിക്കാട് - കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേലപ്പുഴക്കടവ് തൂക്ക്
പാലം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമാകുകയാണ്. 2016ൽ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പിനി ഇരുമ്പ് കയറും, കമ്പികളും ഉപയോഗിച്ച് 180 അടിനീളത്തിൽ നിർമ്മിച്ചതാണ് ഈ തൂക്കു പാലം. തൂക്ക് പാലവും നദിയുടേയും പ്രദേശങ്ങളുടേയും ഭംഗി ആസ്വദിക്കാനും നിരവധിപ്പേരാണ് ഇവിടെ എത്തുന്നത്. ഞായറാഴ്ചകളിലാണ് ഇവിടെ കൂടുതലായും ആളുകൾ എത്തുന്നത്. പക്ഷേ സമീപത്ത് വലിയ അപകടം പതിയിരിക്കുന്നത് വരുന്നവർ അറിയുന്നില്ല. തൂക്ക് പാലത്തിന് തൊട്ട് താഴെ നദിയിൽ ഇടിമണലുള്ള സ്ഥലമാണ്. കണ്ടാൽ ഇറങ്ങി കുളിക്കാൻ തോന്നും. പക്ഷേ നദിയിൽ ഇറങ്ങുന്നവർ ഇടിമണലിൽ ചവിട്ടിതാഴ്ന്നു പോകുകയാണ് പതിവ്. ഇതിനൊടകം തന്നെ 40 പേർ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. സമീപത്തുണ്ടായി മുന്നറിയിപ്പ് ബോർഡുകൾ ഇരുകരയിലും ഉണ്ടെങ്കിലും വേണ്ടവിധത്തിൽ ഇല്ലാത്തത് അപകടങ്ങൾ വർദ്ധിക്കുന്നതിന് പ്രധാന കാരണമാകുന്നു.
പുഴയിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെടും
സാഹസിക ചിത്രങ്ങൾ പകർത്തുന്ന അതിനും പുഴയിൽ ഇറങ്ങി കുളിക്കുന്ന സഞ്ചാരികൾക്കുമാണ് അപകടം സംഭവിച്ചിട്ടുള്ളത്. ഒരേ സമയം പാലത്തിലൂടെ 32പേർക്കാണ് ഇരുകരകളിൽ സഞ്ചരിക്കാവുന്നത് .തിരക്കു വർദ്ധിക്കുമ്പോൾ 100 പേരിലധികം ആളുകൾ സഞ്ചരിക്കാറുണ്ട്. സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് ഹോംഗാർഡുകളെ നിയമിക്കാത്തതും മുങ്ങിമരണങ്ങൾക്ക് കാരണമാകുന്നു. സീസണുകളിൽ പൊലീസ് നിയന്ത്രണവുംഅനിവാര്യമാണ്. നിരന്തരമായി നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്.
.....................................
തൂക്കുപാലം വന്ന ശേഷം നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഒഴിവു ദിവസങ്ങളിൽ കുടുംബത്തോടൊപ്പമാണ് പലരും എത്തുന്നത്. വൈകുവോളം ഇവിടെ ചെലവഴിക്കും. ചിലർ പുഴയിൽ ഇറങ്ങാറുമുണ്ട്. മിക്ക അപടകടങ്ങളും അങ്ങനെ ഉണ്ടായതാണ്. നാട്ടുകാർ പറഞ്ഞാൽ ആരും കേൾക്കാറില്ല. നദിയുടെ ഒഴുക്കും ഇടിമണലുമാണ് അപകടത്തിന് കാരണം. സ്ഥലത്തെത്തി പുഴയിൽ ഇറങ്ങുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഹോം ഗാഡുകളെ നിയമിക്കേണ്ടതാണ്.
കണ്ണൻ
(പ്രദേശവാസി)
........................
-കടവിൽമുങ്ങി മരിച്ചത് 40 പേർ
...........................................................
തൂക്ക് പാലത്തിന് 180 അടിനീളം
ഒരേ സമയം പാലത്തിലൂടെ 32 പേർക്ക് സഞ്ചാരിക്കാം
തിരക്ക് കൂടുമ്പോൾ 100ൽ പേരോളം സഞ്ചരിക്കുന്നു