 
കോഴഞ്ചേരി : ടി.കെ റോഡിൽ കോഴഞ്ചേരി ടൗണിന്റെ മദ്ധ്യേ റോഡിൽ കുഴി. കോഴഞ്ചേരിയിലെത്തുന്ന എല്ലാ വാഹനങ്ങളും ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. തിരക്കേറിയ റോഡിന് നടുവിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ പൈപ്പുലൈൻ പൊട്ടിയതാണ് കാരണം. ഇത് നന്നാക്കിയാൽ മാത്രമേ റോഡ് പണി പൂർത്തിയാക്കാൻ കഴിയു. നിലവിൽ പൈപ്പിന്റെ ഭാഗത്ത് ബാരിക്കേഡ് വച്ചിട്ടുണ്ട്. ഇത് വലിയ അപകടത്തിന് സാദ്ധ്യതയാണ്. ദിവസവും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. കുഴിയുണ്ടായ ഭാഗത്ത് നിന്ന് കുറച്ച് കൂടി മുന്നിൽ വന്ന് വലത്ത് തിരിഞ്ഞാണ് എല്ലാ ബസുകളും സ്റ്റാൻഡിലെത്തുക. ഇരുചക്ര വാഹനങ്ങൾ നിരന്തരം ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. ഒരേ സമയം ഒരു കെ.എസ്.ആർ.ടി.സി ബസിന് പോകാനുള്ള സ്ഥലമേയുള്ളു ഇപ്പോൾ റോഡിൽ. കാൽനടയാത്രക്കാരടക്കം സഞ്ചരിക്കുന്ന റോഡാണിത്. നിരവധി കോളേജുകൾ, സ്കൂൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ നിരവധിയുണ്ട്. ഓട്ടോ സ്റ്റാൻഡും സമീപ കടകളിലെത്തുന്ന വാഹനങ്ങളും ഇതിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നതോടെ റോഡിൽ കൂടി പോകുന്ന വാഹനങ്ങൾ അപകടത്തിലാകും.
കുഴി രൂപപ്പെട്ടിട്ട് ഒരാഴ്ച
ജില്ലയിലെ തന്നെ പ്രധാന ടൗണിൽ ഒന്നാണിത്. ഒരാഴ്ച മേലായി റോഡിൽ കുഴി രൂപപ്പെട്ടിട്ട്. വാട്ടർ അതോറിട്ടി നിശ്ചയിച്ച എസ്റ്റിമേറ്റ് പി.ഡബ്യൂ.ഡിയിൽ അടച്ച് പൈപ്പുലൈൻ നന്നാക്കി റോഡ് വൃത്തിയാക്കി നൽകിയാൽ മാത്രമേ പി.ഡബ്യൂ.ഡി പണി ആരംഭിക്കു.
...............................
"ഒരാഴ്ച മുമ്പ് എസ്റ്റ്മേറ്റ് നൽകിയിരുന്നു. പണം അടച്ചാൽ പണി തുടങ്ങാം. "
പി.ഡബ്യൂ.ഡി അധികൃതർ